കോട്ടയം: കേരളത്തിലാകമാനം രൂപപ്പെട്ടുവരുന്ന ഹൈന്ദവനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തുന്ന അക്രമഭീകരതക്ക് എതിരെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. അമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പ്രചരണം നടത്തിവന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി രക്തവും, മജ്ജയും, മാംസവും, ജീവനും നല്‍കി കമ്മ്യൂണിസത്തെ നെഞ്ചിലേറ്റിയ ഹിന്ദുസമൂഹത്തെ പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങളെ ചതിച്ചതിനുള്ള മറുപടിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിനുള്ള കാരണം. സംഘടിത വോട്ട് ബാങ്കിന്റേയും ന്യൂനപക്ഷ പ്രീണനത്തിന്റേയും പിന്നാലെ പാഞ്ഞ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, പാര്‍ട്ടിയുടെ വളര്‍ച്ചക്ക് അസ്ഥിവാരമിട്ട ഹിന്ദുജന വിഭാഗത്തെ മറന്നു. ജാതിയുടേയും സംവരണത്തിന്റേയും മറവില്‍ ഹിന്ദുസമൂഹത്തെ വിഘടിപ്പിച്ച് നിര്‍ത്തിയ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ചതി മനസ്സിലാക്കിയ ഹൈന്ദവ സമൂഹം പാര്‍ട്ടിയെ കൈവിടുകയായിരുന്നു. ഹൈന്ദവ ആചര്യന്മാരെ അവഹേളിച്ച സിപിഎം തങ്കു പാസ്റ്ററേപോലുള്ള മതംമാറ്റ ശക്തികളോടൊപ്പം വേദി പങ്കിട്ടുകൊണ്ട് ഹിന്ദുസമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുകയും അത്തരം ശക്തികള്‍ക്ക് മാന്യത നേടിക്കൊടുക്കുകയും ചെയ്യുന്നത് ഹിന്ദു സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
















