എനിക്ക് വയ്യ’ എന്നുപറഞ്ഞ അര്‍ജ്ജുനന്റെ മുടന്തന്‍ ചിന്തയ്‌ക്കേറ്റ ആദ്യത്തെ ബൗദ്ധികപ്രഹരം നോക്കൂ, ”ഇങ്ങനെയൊരു വിഷമാവസ്ഥയില്‍ ഈ കശ്മലത്വം നിനക്കെവിടെനിന്നു വന്നു, അപമാനകരമായ ഇത് ശ്രേഷ്ഠപുരുഷനു ചേര്‍ന്നതല്ല. ഈ ആണും പെണ്ണുംകെട്ട അവസ്ഥ നിനക്കു ഭൂഷണമല്ല. അതുകൊണ്ട് ശത്രുഹരസമര്‍ത്ഥനായ അര്‍ജ്ജുനാ വൃത്തികെട്ട ഈ ദുര്‍ബലതയെ ഉപേക്ഷിച്ച് എഴുന്നേല്‍ക്കൂ.” എന്നിട്ടും അഹന്തയും അജ്ഞതയും നിറഞ്ഞ അര്‍ജുനന്റെ മനസ്സ് സ്വധര്‍മത്തിലേക്കു തിരിയാതെ വൃഥാ വിലപിക്കുന്ന കാഴ്ച എത്ര ദയനീയം. തുടര്‍ന്നുള്ള തന്റെ ഗര്‍വുനിറഞ്ഞ പ്രസംഗത്തെ ഭഗവാന്‍ ശ്രദ്ധിക്കുന്നേയില്ലെന്നു കണ്ട്, ഒരുവേള അര്‍ജ്ജുനനില്‍ മിന്നിത്തെളിഞ്ഞ ഒരു പുനരാലോചന, അതായിരിക്കണം, ”അല്‍പ്പത്വംകൊണ്ട്, ചെയ്യേണ്ടതെന്തെന്നറിയാത്ത ഞാന്‍ അങ്ങയെ സര്‍വഥാ ശരണം പ്രാപിക്കുന്നു.
എനിക്കു ശ്രേയസ്സായിട്ടു ഭവിക്കുന്നതെന്താണോ, അതെനിക്കു പറഞ്ഞുതരിക” എന്നു പറയുംവിധത്തിലേക്ക് അര്‍ജ്ജുനനെ സമര്‍പ്പിത ചേതസ്സാക്കിത്തീര്‍ത്തത്. മനുഷ്യന്റെ ഊതിവീര്‍പ്പിച്ച പൊള്ളയായ അഹന്ത ഒടുങ്ങി പ്രപഞ്ച മനസ്സിനു മുന്നില്‍ ശിരസ്സു നമിക്കേണ്ടതിന്റെ സരളയുക്തിയല്ലേ ഈ കഥാകഥനത്തില്‍ ലയിപ്പിച്ചെടുത്തിട്ടുള്ളത്. ഇങ്ങനെ ശുദ്ധസ്ഫടികസമാനമായ തെളിഞ്ഞ മനസ്സിലേക്കാണ് ഗീതാമൃതം വര്‍ഷിക്കപ്പെട്ടത്. ‘അശോച്യ’ (ദുഃഖിക്കേണ്ട) എന്ന പദത്തിലാരംഭിച്ച് പതിനെട്ടാം അധ്യായത്തില്‍ ‘മാശുച’ (ദുഃഖിക്കരുത്) എന്ന പദത്തിലവസാനിക്കുന്ന ഭഗവദുപദേശത്തിന്റെ മുഴുസാരവും സങ്കടത്തിരകളെ ജയിച്ചു കയറേണ്ടതിന്റെ ഉപായസൂചനകളാകുന്നു.
ധര്‍മബുദ്ധിയില്‍ വിരിയുന്ന യജ്ഞഭാവന
ഭാരതീയ ജീവിതദര്‍ശനങ്ങളുടെ പ്രാണവാക്ക് എന്ന് ഒന്നിനെ വിശേഷിപ്പിക്കാമെങ്കില്‍ അത് ‘ധര്‍മം’ എന്ന സാങ്കേതിക സംജ്ഞയത്രെ! സമൂഹത്തിന്റെ ശരിയായ ഉറപ്പും ഉയര്‍ച്ചയും സാധ്യമാകുന്ന പാരസ്പര്യജീവിതവ്യവസ്ഥയാണ് ധര്‍മം. താന്‍ ഒറ്റപ്പെട്ടല്ല ഒരുമിക്കപ്പെട്ടാണ് കഴിയുന്നതെന്നും കഴിയേണ്ടതെന്നും ഈ സമൂഹചക്രത്തിന്റെ തിരിച്ചിലില്‍ തനിക്കു ചെയ്യേണ്ടതായി വന്നുചേര്‍ന്നിട്ടുള്ള കര്‍മം-സ്വധര്‍മം-അതിന്റെ പൂര്‍ണതയില്‍ത്തന്നെ പൂര്‍ത്തീകരിക്കേണ്ടതാണെന്നുമുള്ള ധര്‍മത്തിന്റെ ആഹ്വാനമാണ് ഗീത പങ്കുവയ്‌ക്കുന്നത്.
ശ്രേയസ്സിനുള്ള ഉപായവും (അഃ3, ശ്ലോകഃ 10,11) സര്‍വനാശത്തിനുള്ള കാരണവും (അഃ1, ശ്ലോഃ 62,63) ഗീത സരളമായി സുവ്യക്തമായി കാണിച്ചുതരുന്നു. മാനാപമാനങ്ങളെ, ജയപരാജയങ്ങളെ, സ്തുതിനിന്ദകളെയൊക്കെത്തന്നെ അവഗണിച്ചും അതിവര്‍ത്തിച്ചും സ്വാര്‍ത്ഥമാത്രമായ ഫലഭുക്തി കൊതിക്കാതെ ഈശ്വാര്‍പ്പണബുദ്ധ്യാ കര്‍മം ചെയ്യേണ്ടതിന്റെ ആവശ്യകത ഗീത ആവര്‍ത്തിച്ചുറപ്പിക്കുന്നു. കര്‍മത്തിലെ ഈ കൗശലം, കര്‍തൃത്വബോധത്തെ ഉപേക്ഷിക്കുക എന്നതാണ് യോഗമെന്നുവരെ ഭഗവാന്‍ പറഞ്ഞുവയ്‌ക്കുന്നു. ഇങ്ങനെ അനുഷ്ഠിക്കപ്പെടുന്ന സ്വധര്‍മം ഏവര്‍ക്കും ശ്രേയസ്സു കൈവരുത്തുകതന്നെ ചെയ്യും. അന്യന്റെ ധര്‍മങ്ങളെ അനുകരിക്കാനാണു പുറപ്പാടെങ്കില്‍ അത് നന്മ ചെയ്യില്ലെന്നു മാത്രമല്ല ഭയകാരിയാക്കുകകൂടി ചെയ്യുമെന്ന മുന്നറിവും ഗീത നല്‍കുന്നു.
മനോഹരമായ ഒരു പൂങ്കാവനം നിറത്തിന്റെയും രൂപത്തിന്റെയും ഗന്ധത്തിന്റെയും വൈവിധ്യങ്ങളുടെയത്രയും തന്നെ ശരിയായ കൂടിച്ചേരലായിരിക്കുമ്പോലെ പ്രപഞ്ചവൈവിധ്യങ്ങളുടെയാകെ സുന്ദരമായ പാരസ്പര്യമാണ്, സ്വാര്‍ത്ഥമറ്റ സഹകരണത്തിന്റെ യജ്ഞഭാവനയാണ് സമ്പുഷ്ടവും സന്തുഷ്ടവും ആയ ഒരു ജീവിതവ്യവസ്ഥയുടെ ആധാരശിലയായി ഗീത അവതരിപ്പിക്കുന്നത്. പ്രകൃതിയുമായി കണ്ണിയറ്റുപോകാത്ത സൗഹൃദവും പരസ്പരപോഷണവും ഗീത ആവശ്യപ്പെടുന്നു. സഹയജ്ഞത്തിലധിഷ്ഠിതമായ ഈയൊരു ജീവിതക്കാഴ്ചയാണ് ഐശ്വര്യത്തിന്റെ സൂത്രവാക്യമായി ഗീത അവതരിപ്പിക്കുന്നത്. വര്‍ഗ്ഗ-വര്‍ണ ഭേദങ്ങള്‍ക്കപ്പുറത്തുള്ള സമത്വദൃഷ്ടിയെ പ്രഖ്യാപിക്കുന്ന ഭഗവദ്ഗീതയുടെ ബോധധാര ദളിതവാദത്തിന്റെയും പെണ്‍വാദത്തിന്റെയും പേരിലുള്ള വര്‍ത്തമാനകാലത്തിന്റെ വിഷംചീറ്റലുകളെ അനുകൂലിക്കുന്നില്ല.
മാത്രമല്ല ”വിദ്യയും വിനയവും നിറഞ്ഞ ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെത്തിന്നുന്ന ചണ്ഡാലനിലും സമബുദ്ധി പുലര്‍ത്തുന്നവനാണ് പണ്ഡിതന്‍” എന്ന ഗീതാദര്‍ശനത്തിനു പകരം വെയ്‌ക്കാവുന്ന ഒരു സമത്വാദര്‍ശം മറ്റെവിടെയാണ് കണ്ടെത്താനാവുക. സര്‍വസഹചരങ്ങളെയും കുടുംബാംഗങ്ങളെപ്പോലെ ഉള്‍ക്കൊണ്ട് ചേര്‍ത്തുനിറുത്തുന്ന സര്‍വശ്ലേഷിയായ ജീവിതത്തിന്റെ ഈ സൗമ്യലയം എത്ര ശാന്തിപൂര്‍ണമായിരിക്കും.
(തുടരും)
















