ഫരീദാബാദ്: സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതാണിത്. പദ്ധതി സംബന്ധിച്ച് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അവ പരിശോധിച്ച് പരിഹരിക്കാന്‍ കമ്മീഷനെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പദ്ധതി പ്രഖ്യാപിച്ച സമയത്ത് സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വളരെയേറെപ്പേര്‍ പദ്ധതിക്കു പുറത്താകുമെന്ന വിമുക്ത ഭടന്മാരുടെ ആശങ്ക കണക്കിലെടുത്ത് സര്‍ക്കാര്‍ തീരുമാനത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഇതോടെ പദ്ധതി സംബന്ധിച്ച് വിമുക്ത ഭടന്മാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ കേന്ദ്രം നടപ്പാക്കുമെന്ന് ഉറപ്പായി.
വിആര്‍എസ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വിമുക്ത ഭടന്മാര്‍ വീഴരുത്. തങ്ങള്‍ സൈനികരെ അങ്ങേയറ്റം ബഹുമാനിക്കുന്നവരാണ്. ഫരീദാബാദിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി വ്യക്തമാക്കി.
നാലു പതിറ്റാണ്ടുകള്‍ നീണ്ട വിമുക്ത ഭടന്മാരുടെ ആവശ്യമാണ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ നല്‍കിയ വാഗ്ദാനമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചതിലൂടെ തന്റെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മോദി പറഞ്ഞു. ഇക്കാര്യത്തില്‍ 40 വര്‍ഷം ഒരു നടപടിയും കൈക്കൊള്ളാത്തവര്‍ക്ക് പുതിയ തീരുമാനത്തില്‍ അഭിപ്രായം പറയാനും അവകാശമില്ല. പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാന്‍ എണ്ണായിരം മുതല്‍ പതിനായിരം കോടി രൂപ വരെ വേണ്ടിവരും. മുന്‍പുള്ള കണക്കുകൂട്ടലുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ഇത്. രാജ്യത്തെ പുരോഗതിയില്‍ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓരോ തീരുമാനത്തെയും രാഷ്‌ട്രീയവല്‍ക്കരിക്കുന്നത് ഖേദകരമാണ്. ജവാന്മാരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. മോദി പറഞ്ഞു. 30 ലക്ഷം പേര്‍ക്ക് ഗുണകരമാകുന്നതാണ് പെന്‍ഷന്‍ പദ്ധതി.
ബദര്‍പ്പൂര്‍ ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ വിമുക്ത ഭടന്മാര്‍ സന്ദര്‍ശിച്ച് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയതിന് നന്ദി അറിയിച്ചു. അദ്ദേഹത്തിന് അവര്‍ പൂച്ചെണ്ടും നല്‍കി.
നിരാഹാരം പിന്‍വലിച്ചു
റിട്ടയര്‍ ചെയ്യാനുള്ള സമയമാകും മുന്‍പ് സ്വയം വിരമിച്ചവര്‍ക്കും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദല്‍ഹി ജന്തര്‍ മന്ദറില്‍ നടത്തിവന്ന നിരാഹാര സമരം വിമുക്ത ഭടന്മാര്‍ പിന്‍വലിച്ചു. മോദിയുടെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു. എന്നാല്‍ പ്രഖ്യാപനങ്ങളില്‍ രേഖാമൂലം ഉത്തരവ് വരുംവരെ സമരം തുടരും. മേജര്‍ ജനറല്‍ ( റിട്ട.) സത്ബീര്‍ സിംഗ് പറഞ്ഞു.
















