വിവിധ ശാസ്ത്രങ്ങള്‍ ഭാരതത്തില്‍ പൂര്‍വീകമായി നമുക്കുണ്ട്. തലമുറയായി അതെല്ലാം കൈമാറിവന്നിരുന്നു എന്നതും നമുക്കാശ്വസിയ്‌ക്കാം. അതില്‍ പലതും ഉപാസനാ പൂര്‍വ്വം ആരാധിച്ചുവരുന്നു. നിരവധി പണ്ഡിതന്മാര്‍ ആയുര്‍വേദത്തിലും വിരാജിച്ചിരുന്നു. പലരും ഇന്നും കുടുംബപരമായി വൈദ്യരംഗത്ത് നിലയുറപ്പിച്ചുവരുന്നു. പലശാഖകളും ഇന്ന് നാമാവശേഷമായി. എന്നാല്‍ ഇന്നും ഈരംഗത്ത് പ്രശസ്തിയോടെ വിരാജിക്കുന്ന കുടുംബമാണ് ആലത്തൂര്‍നമ്പിയുടേത്. അവര്‍നടത്തിയ ചികിത്സയുടെ അനുഭവങ്ങളാണ് അവരുടെനല്ല പരസ്യം.
കിളിമാന്നൂര്‍ കോവിലകത്തെ ഒരംഗത്തിന് തണ്ണീര്‍വാതം എന്ന മാരകമായ അസുഖം പിടിപെട്ടു. അതിന് പലേടത്തുനിന്നുംവന്ന വൈദ്യന്മാര്‍ ചികിത്സിച്ചു. ഒരുവിധത്തിലും കുറവില്ല. ഈ അസുഖത്താല്‍ എത്രവെള്ളം കുടിച്ചാലും മതിയാവില്ല. അതാണ് പ്രകൃതം. നൂറ്റമ്പത് കരിക്കിന്‍ വെള്ളമാണ് ഒരു ദിവസം. അക്കാലത്തെ കുടിക്കുന്ന വെള്ളത്തിന്റെ കണക്ക്. സാധാരണകുടിക്കുന്ന കഞ്ഞിക്കു പുറമേയാണിത്.
അസുഖത്തിന്റെ പിടിയില്‍ കിടന്ന് കഷ്ടപ്പെടുകയാണ് തമ്പുരാന്‍. എന്തായാലും വേണ്ടില്ല എന്റെ അസുഖം മാറ്റുന്നയാള്‍ക്ക് ആയിരം രൂപസമ്മാനവും പ്രഖ്യാപിച്ചു.
പ്രസിദ്ധആയൂര്‍വേദ പാരംഗതന്‍ ആലത്തൂര്‍ നമ്പി അക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മത്ത തമ്പുരാന്റെ ആവശ്യാര്‍ത്ഥം തിരുവന്തപുരത്ത് താമസിയ്‌ക്കുകയായിരുന്നു. കിളിമാനൂരുമായി പരിചയമുള്ള ഒരാള്‍ നമ്പിയെവന്നു കണ്ടു. പാരിതോഷികത്തിന് ചികിത്സ പ്രഖ്യാപിച്ച ഒരസുഖം നിലവിലുണ്ട് കിളിമാന്നൂരില്‍. എന്തായാലും അങ്ങ് വന്ന് നോക്കണം. നമ്പി കിളിമാനൂരിലെത്തി തമ്പുരാനെ കണ്ട് ചികിത്സ തുടങ്ങി. നാലഞ്ചുനാള്‍ക്കകം. കരിക്കിന്റെ എണ്ണം കുറഞ്ഞുവന്നു. നൂറ്റമ്പത് എന്നത് നൂറ്റിനാല്‍പ്പതാവാന്‍ തുടങ്ങി. ഏതാണ്ട് ഒരുമാസം പിടിച്ചു ഒന്ന് എന്ന സംഖ്യയിലെത്താന്‍.
ഒരു ദിവസം നമ്പി പറഞ്ഞു ഞാന്‍ നാട്ടില്‍ പോയിട്ട് നാളേറെയായി ഒന്ന് പോയിവരാം. തമ്പുരാനെ ഒന്നു പരീക്ഷിക്കുക എന്നതും ഈ യാത്രയിലുണ്ട്. യാത്രയായപ്പോള്‍ നല്‍കിയത് വെറും പത്തരൂപ മാത്രമാണ്. നമ്പി പിന്നെ അടുത്തൊന്നും കിളിമാനൂര്‍ക്ക് വന്നില്ല. തമ്പുരാന്റെ അസുഖം പഴയപടിയായി നൂറ്റമ്പത് കരിക്ക്. എന്ന കണക്കിലെത്തി. ആകെകുഴഞ്ഞമട്ടായി. പിന്നെ നമ്പിയെ ആളയച്ചു വരുത്തി.
അങ്ങയുടെ ചികിത്സ തുടരണം എന്നാലേ എന്റെ അസുഖം മാറൂ. അതിനെന്താ ഞാന്‍ ഒരുക്കമാണ്. അങ്ങ് വാക്കു പാലിക്കണം. അതില്‍ നിന്നും പിന്മാറാന്‍ സമ്മതിക്കില്ല. ഇത്തവണ ഞാന്‍ പറഞ്ഞതുക തന്നെതന്നേക്കാം. ഇതുവാക്കാണ്.
അങ്ങ് പറഞ്ഞതുകൊണ്ടായില്ല. എനിക്ക് മുന്‍കൂറായിത്തന്നെ തുകതരണം എനി്‌യ്‌ക്ക് അങ്ങയില്‍ തീരെ വിശ്വാസമില്ല. ഇതാ ഞാന്‍ വാഗ്ദാനം ചെയ്ത തുക അപ്പോള്‍ത്തന്നെ തമ്പുരാന്‍ നമ്പിയുടെ കൈയില്‍ വച്ചുനല്‍കി. എന്റെ പെരുമാറ്റത്തില്‍ വന്ന പാകപ്പിഴ പൊറുക്കണം. അങ്ങയെ കാണുന്നത് ഈശ്വരനെ കാണുംപോലെയാണ്. നമ്പിയുടെ ചികിത്സയാല്‍ തമ്പുരാന് വന്ന അസുഖം പൂര്‍ണ്ണമാകുംവരെ നമ്പി കിളിമാനൂരില്‍ത്തന്നെ താമസമാക്കി.
















