പൊന്‍കുന്നം: സംഗീതജ്ഞന്‍ കെപിഎസി രവിയുടെ സംഗീത സപര്യയുടെ അറുപത്തിയഞ്ചാം വാര്‍ഷികവും സ്വാതിതിരുനാള്‍ സംഗീത വിദ്യാലയത്തിന്റെ രജതജൂബിലിയും ഞായറാഴ്ച ആഘോഷിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പൊന്‍കുന്നം ലീലാമഹല്‍ ഓഡിറ്റോറിയത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. കെപിഎസി ലളിതയും പ്രൊഫ. കുമാരകേരള വര്‍മ്മയും ചേര്‍ന്ന് കെപിഎസി രവിയെ ആദരിക്കും. നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍, സ്മൃതിമഞ്ജരി പ്രകാശനം ചെയ്യും. സിനിമാ നടന്‍ കൃഷ്ണപ്രസാദ് മംഗളപദ്രം സമര്‍പ്പിക്കും. അഡ്വ. പി. സതീശ് ചന്ദ്രന്‍ നായര്‍, അഡ്വ. ഗിരീഷ് എസ്. നായര്‍, പൊന്‍കുന്നം സെയ്ദ്, ബേബിച്ചന്‍ ഏര്‍ത്തയില്‍, മുക്കട വിജയന്‍, പി. മധു, വിനയബോസ് എന്നിവര്‍ പ്രസംഗിക്കും. രാവിലെ 8.30ന് ചടങ്ങുകള്‍ തുടങ്ങും. കെപിഎസി രവിയുടെ ശിഷ്യരുടെ സംഗീതാരാധന നടക്കും. വൈകിട്ട് സര്‍ഗ്ഗസന്ധ്യയില്‍ കെപിഎസി രവി- ജീവിതവും സംഗീത സപര്യയും എന്ന ഹ്രസ്വചലച്ചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രവിയുടെ സംഗീത സദസ്സും നടക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ വിനയബോസ്, പി.എന്‍. സോജന്‍ എന്നിവര്‍ പങ്കെടുത്തു.
















