പേട്ട: ആധുനിക ലോകത്തെ വിപണിയുടെ ചതിക്കുഴികളില്‍ വീഴാതെ ഓണം ആഘോഷിക്കണമെന്ന് നടന് സുരേഷ് ഗോപി. പകരം ലളിതമായി ഓണം ആഘോഷിച്ച് മിച്ചം പിടിക്കുന്ന പണം ആഘോഷത്തിന് ആവതില്ലാത്ത പാവങ്ങള്‍ക്ക് നല്കി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓണമെത്തി എന്ന കാരണത്താല്‍ ആവശ്യത്തിനും അനാവശ്യത്തിനും ഷോപ്പിംഗ് നടത്തി വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങിക്കൂട്ടുകയാണ് ഇന്ന് മലയാളി. ഇതിനായി ലക്ഷങ്ങളാണ് നമ്മള് കമ്പോളത്തില്‍ ചെലവഴിക്കുന്നത്. ഈ പ്രവണത വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവാഭാരതി തിരുവോണ നാളില്‍ സംഘടിപ്പിച്ച അന്നദാന സദ്യ ഉദ്ഘാടനം ചെ യ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഊഞ്ഞാലുകെട്ടിയും കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് ഓണം ആഘോഷിക്കുന്ന പതിവ് പതുക്കെ അന്യമായി വരികയാണ്. കമ്പോളത്തിനോട് വിട പറഞ്ഞ് വീടിനുള്ളിലും ലളിതമായി ഓണം ആഘോഷിക്കാന്‍ നാം തയ്യാറാകണം. കമ്പോളങ്ങളില്‍ ചെലവഴിക്കുന്നതിന്റെ ഒരുഭാഗം പാവങ്ങള്‍ക്കായി മാറ്റിവയ്ക്കണം. തിരുവോണനാളില്‍ ഓണം ആഘോഷിക്കാനാകാത്ത ആയിരങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. അവരെ കണ്ടില്ലെന്ന് നടിക്കരുത്. എങ്കില്‍ മാത്രമേ പൂര്‍വികര്‍ കാട്ടിത്തന്ന ഒരുമയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങളായി ഓണം മാറുകയുള്ളൂവെന്നും സുരേഷ്ഗോപി പറഞ്ഞു. ഇക്കാര്യത്തില്‍ മാതൃക കാട്ടി സേവനരംഗത്ത് പുതിയ അധ്യായം കുറിക്കുകയാണ് അദ്ദേഹം. ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക കലാകാരന്മാരും സേവനത്തിന്റെ പാതപിന്തുടരുന്നതില് താന്‍ അഭിമാനിക്കുകയാണെന്നും ഓണസന്ദേശമായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: