മരട്: തിരുവോണനാളില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി കായലില്‍ വീണ രണ്ടര വയസ്സുള്ള കുട്ടിയെ പിതൃസഹോദര പുത്രി സാഹസികമായി രക്ഷപ്പെടുത്തി. പനങ്ങാട് മുണ്ടേമ്പിളളി ജെട്ടിക്കു സമീപം കട്ടേച്ചിറവീട്ടില്‍ രാജേഷിന്റെ മകന്‍ അഭിജിത്ത് ആണ് ഉച്ചയോടെ വീടിനു മുന്‍പില്‍ ഉള്ള കായലിലേക്ക് വീണത്. ഇതു കണ്ട സഹോദരി നന്ദിത (13) കായലിലേക്ക് ചാടി കുട്ടിയെ എടുക്കുകയായിരുന്നു. എന്നാല്‍ നന്ദിതയുടെ കാലുകള്‍ ചെളിയില്‍ പൂണ്ടു പോയതിനാല്‍ കരക്കു കയറാന്‍ പറ്റാതെ കായലില്‍ തന്നെ പെട്ടുപോയി. തുടര്‍ന്ന് അഭിജിത്തിനെ രണ്ടു കൈകള്‍ കൊണ്ടും വെള്ളത്തിനു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു. അപ്പോഴേക്കും മറ്റൊരു സഹോദരി പ്രജീന (9) വീട്ടിലുണ്ടായിരുന്ന അപ്പൂപ്പനേയും കൂട്ടി വന്ന് രണ്ട് പേരേയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ നന്ദിത കാട്ടിയ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു. കുമ്പളം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഹസന്‍ വീട്ടിലെത്തി നന്ദിതക്ക് സമ്മാനവും നല്‍കി.
















