ബീജിങ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ തീ പടര്‍ത്തുന്ന 200 മീറ്റര്‍ ഫൈനല്‍ ഇന്ന്. ജമൈക്കയുടെ ലോക റെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ടും 100 മീറ്ററില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് സ്വര്‍ണ്ണം നഷ്ടമായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും ഫൈനലിലേക്ക് യോഗ്യത നേടി. സെമി ഹീറ്റ്‌സിലെ മികച്ച സമയം ഗാറ്റ്‌ലിന്‍ കുറിച്ചു. രണ്ടാം ഹീറ്റ്‌സില്‍ 19.87 സെക്കന്റില്‍ ഗാറ്റ്‌ലിന്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ മൂന്നാം ഹീറ്റ്‌സില്‍ നിന്ന് 19.95 സെക്കന്റിലാണ് ഉസൈന്‍ ബോള്‍ട്ട് ഒന്നാമതായി ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് കുതിച്ചത്.
ജമൈക്കയുടെ നിക്കല്‍ ആഷ്‌മെയ്ഡ് ഒന്നാം ഹീറ്റ്‌സില്‍ ഗാറ്റ്‌ലിന് പിന്നില്‍ 20.19 സെക്കന്റില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി. ഏഷ്യന്‍ പ്രതിനിധിയയി ഖത്തറിന്റെ ഫെമി ഒഗുനൊഡെയും ട്രാക്കില്‍ തീപടര്‍ത്താനായി ഫൈനലിലെത്തിയിട്ടുണ്ട്. 20.05 സെക്കന്റില്‍ പുതിയ ഖത്തര്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഫെമി രണ്ടാം ഹീറ്റ്‌സില്‍ നിന്ന് മുന്നേറിയത്.
ഇന്നലെ നടന്ന അഞ്ച് ഫൈനലുകളില്‍ രണ്ട് സ്വര്‍ണ്ണം കൂടി സ്വന്തമാക്കി കെനിയ മെഡല്‍ പട്ടികയില്‍ കുതിപ്പ് തുടരുകയാണ്.
ആറ് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ടെനിയന്‍ താരങ്ങള്‍ ഇതുവരെ സ്വന്തമാക്കിയത്. മൂന്ന് സ്വര്‍ണ്ണം നേടിയ ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്തും രണ്ട് സ്വര്‍ണ്ണവും ഒരു വെങ്കലവും നേടിയ ജമൈക്ക മൂന്നാമതും.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന് സ്വര്‍ണ്ണം. അവരുടെ സുസാന ഹെജ്‌നോവ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയമായ 53.50 സെക്കന്റില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്. വെള്ളിയും വെങ്കലവും അമേരിക്കക്കക്ക്. 53.94 സെക്കന്റില്‍ ഓടിയെത്തി ഷാമിയര്‍ ലിറ്റ്‌ലെ വെള്ളിയും 54.02 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കസ്സാന്‍ഡ ടെയ്റ്റ് വെങ്കലവും നേടി. വനിതകളുടെ പോള്‍വോള്‍ട്ടില്‍ ക്യൂബയുടെ യാരിസ്ലെ സില്‍വ 4.90 മീറ്റര്‍ ചാടി സ്വര്‍ണ്ണവും ബ്രസീലിന്റെ ഫാബിയാന മ്യൂറര്‍ 4.85 ഉയരം താണ്ടി വെള്ളിയും ഗ്രീസിന്റെ നികോലിറ്റ കിരിയാകൊപൗലു 4.80 മീറ്റര്‍ ചാടി വെങ്കലവും നേടി.
പുരുഷ ജാവലിനില്‍ കെനിയയുടെ ജൂലിയസ് യെഗോ 92.72 മീറ്റര്‍ എറിഞ്ഞ് പൊന്നണിഞ്ഞു. ജൂലിയസിന്റെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പ് മെഡലാണിത്. ഈ സീസണില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. തന്റെ മുന്നാം ശ്രമത്തിലാണ് ജൂലിയസ് യെഗോ സ്വര്‍ണ്ണദൂരത്തിലേക്ക് ജാവലിന്‍ എറിഞ്ഞത്. ഈജ്പിറ്റിന്റെ ഇഹാബ് എല്‍ സെയ്ദ് 88.99 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കഴിഞ്ഞ മോസ്‌കോ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡലുകാരന്‍ ഫിന്‍ലാന്‍ഡിന്റെ ടെറോ പിറ്റ്കമാകി 87.64 മീറ്റര്‍ എറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി.
പുരുഷന്മാരുടെ 400 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നികെര്‍ക് 43.48 സെക്കന്റില്‍ സ്വര്‍ണ്ണവും അമേരിക്കയുടെ ലാഷ്‌വാന്‍ മെറിറ്റ് (43.65 സെ.) വെള്ളിയും ഗ്രനാഡയുടെ കിരാണി ജെയിംസ് 43.78 സെക്കന്റില്‍ വെങ്കലവും നേടി.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും കെനിയ സ്വര്‍ണ്ണം കൊത്തിപ്പറന്നു. അവരുടെ ഹിവിന്‍ കിയെങ് ജെപ്‌കെമോയി 9 മിനിറ്റ് 19.11 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്. അതേസമയം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലളിത ബാബര്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9:29.64 സെക്കന്റിലാണ് ലളിത മത്സരം പൂര്‍ത്തിയാക്കിയത്. ഹീറ്റ്‌സില്‍ 9.27.86 സെക്കന്റില്‍ ഓടിയെത്തി ലൡത ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഫൈനലില്‍ ഇതിലും മോശമായി ലൡത ബാബറുടെ പ്രകടനം. ടുണീഷ്യയുടെ ഹബിബ ഗ്രിബ്രി 9 മിനിറ്റ് 19.24 സെക്കന്റില്‍ വെള്ളിയും 9:19.25 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജര്‍മ്മനിയുടെ ഗിസ ക്രോസ് വെങ്കലവും സ്വന്തമാക്കി.
















