പുരുഷന്മാരുടെ ലോങ് ജംപില്‍ ബ്രിട്ടന്റെ ഗ്രെഗ് റുഥര്‍ഫോര്‍ഡിന് സ്വര്‍ണം. 8.41 മീറ്റര്‍ ചാടി ബ്രിട്ടന്റെ അക്കൗണ്ടിലേക്ക് ഒരു സ്വര്‍ണം കൂടി എത്തിച്ചു റുഥര്‍ഫോര്‍ഡ്. ഇതോടെ, ഒളിംപിക്, കോമണ്‍വെല്‍ത്ത്, യൂറോപ്യന്‍, ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ബ്രിട്ടീഷ് അത്‌ലറ്റായി റുഥര്‍ഫോര്‍ഡ്. ഒന്നും, മൂന്നും ചാട്ടങ്ങള്‍ പിഴച്ച താരം നാലാമത്തേതിലാണ് സ്വര്‍ണത്തിലേക്കു കുതിച്ചത്. ഓസ്‌ട്രേലിയയുടെ ഫാബ്രിസ് ലാപിയറി (8.24 മീ.) വെള്ളിയും ചൈനയുടെ ജിയാന്‍ വാങ് (8.18) വെങ്കലവും നേടി.
വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ക്യൂബയുടെ ഡെനിയ കബല്ലെറോയ്‌ക്ക് സ്വര്‍ണം. 69.28 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌ക് പായിച്ചു താരം. ആദ്യ ശ്രമത്തില്‍ തന്നെ ഈ ദൂരം മറികടന്നു അവര്‍. വെള്ളി നേടിയ ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍കോവിച്ചിന് 67.39 മീറ്റര്‍ ദൂരം താണ്ടാനേ ആയുള്ളു. ജര്‍മനിയുടെ നാദിന്‍ മുള്ളര്‍ക്ക് വെങ്കലം (65.53 മീ.).
പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെനിയയുടെ നിക്കോളസ് ബെറ്റ് ലോക റെക്കോഡോടെ സ്വര്‍ണം നേടി, സമയം 47.79 സെക്കന്‍ഡ്. 0.162 സെക്കന്‍ഡ് വ്യത്യാസത്തിലാണ് ബെറ്റ് റെക്കോഡ് ബുക്കിലിടം നേടിയത്. റഷ്യയുടെ ഡെനിസ് കുര്‍ദ്യവ്‌ത്സേവിന് വെള്ളി (48.05), ബഹമാസിന്റെ ജഫ്രി ഗിബ്‌സണ് വെങ്കലം (48.17 സെക്കന്‍ഡ്).
വനിതകളുടെ 1,500 മീറ്ററില്‍ എതോപ്യയുടെ ജെന്‍സെബെ ദിബാബയ്‌ക്ക് സ്വര്‍ണം (4:08.09 മിനിറ്റ്). കെനിയയുടെ ഫെയ്ത് കിപ് യെഗോണ്‍ വെള്ളിയും (4:08.96), നെതര്‍ലന്‍ഡ്‌സിന്റെ സിഫാന്‍ ഹസന്‍ വെങ്കലവും (4:09.34) നേടി.
പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണം കെനിയയ്‌ക്ക്. ഡേവിഡ് ലെകുത റുദിഷ ഒരു മിനിറ്റ് 45.84 സെക്കന്‍ഡില്‍ ഒന്നാമതെത്തി റുദിഷ. പോളണ്ടിന്റെ ആദം സസോട്ട് (1:46.08) വെള്ളിയും, ബോസ്‌നിയയുടെ അമേല്‍ തുക വെങ്കലവും (1:46.30) സ്വന്തമാക്കി.
ചാമ്പ്യന്‍ഷിപ്പ് നാലു ദിവസം പിന്നിടുമ്പോള്‍ നാല് സ്വര്‍ണം, മൂന്നു വെള്ളി, രണ്ട് വെങ്കലവുമായി കെനിയ ഒന്നാമത്. മൂന്നു സ്വര്‍ണം കരസ്ഥമാക്കിയ ബ്രിട്ടന്‍ പിന്നാലെ. രണ്ട് സ്വര്‍ണവും ഒരു വെങ്കലവുമുള്ള ജമൈക്ക മൂന്നാമത്.
















