ആലുവ: യുദ്ധ ഭീഷണിയെ തുടര്‍ന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദേശത്ത് നിന്നും തിരിച്ചെത്തിയ 38 നഴ്‌സുമാര്‍ക്ക് നോര്‍ക്ക മുഖേന യുഎഇ ആരോഗ്യമന്ത്രാലയത്തിലേക്ക് വീണ്ടും റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി ആലുവയില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുദ്ധ ഭീഷണിയെ തുടര്‍ന്ന് കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പല ആശുപത്രികളും തയ്യാറാകുന്നില്ല. എംബസി മുഖേന ഇടപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് മടങ്ങിയെത്തിയവരുടെ പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
ഇറാക്ക്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികളെ അയക്കരുതെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബാങ്ക് വായ്‌പയും മറ്റും ലഭിക്കുന്നതിനാല്‍ പലരും അങ്ങോട്ടേക്ക് പോകാന്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
















