കൊളംബോ: കൊളംബോയില്‍ ശ്രീലങ്കയ്‌കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 278 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 413 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 43.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. ദിമുത് കരുണരത്‌നെ (46) മാത്രമാണ് ലങ്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ലങ്കയുടെ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ആര്‍.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അമിത് മിശ്രയുമാണ് ശ്രീലങ്കയെ തകര്‍ത്തത്.
രണ്ട് വിക്കറ്റിന് 72 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയ്‌ക്ക് ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ ഏയ്ഞ്ചലോ മാത്യൂസി(23)ന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സ്‌കോര്‍ 91ല്‍ നില്‍ക്കെ ദിനേഷ് ചാന്ദിമലും (15) വീണു. ലഹിരു തിരുമണ(11)യെ അശ്വിന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ പൂജാരയുടെ കൈകളിലെത്തിച്ചു. ഇതോടെ അഞ്ചിന് 106 എന്ന നിലയിലേക്ക് ലങ്ക വീണു. അപ്പോഴും ഒരറ്റത്ത് ക്ഷമയോടെ പിടിച്ചു നില്‍ക്കുകയായിരുന്നു കരുണരത്‌നെ. എന്നാല്‍ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയത് ലങ്കയ്‌ക്ക് തിരിച്ചടിയായി. അതിന് പുറമേ ഇതിഹാസ താരം സംഗക്കാരയ്‌ക്ക് അര്‍ഹതപെട്ട യാത്രയയ്‌പ്പ് നല്‍കാനും ലങ്കന്‍ ടീമിന് കഴിഞ്ഞില്ല.
സ്‌കോര്‍
ഇന്ത്യ: 393, 325/8
ശ്രീലങ്ക: 306, 134
















