പുനലൂര്‍: തീര്‍ത്ഥാടനമെന്നത് ആചാര്യന്മാര്‍ നമുക്കായി കണ്ടെത്തിയ മഹത്തായ ചടങ്ങാണെന്നും പാപമോചനം നല്‍കി പുണ്യം പകരുന്നതാണ് തീര്‍ത്ഥാടനമെന്നും ബ്രഹ്മചാരി ഭാര്‍ഗവറാം. ഉറുകുന്ന് പാണ്ഡവന്‍പാറ ശിവപാര്‍വതി ക്ഷേത്രത്തില്‍ രണ്ടാം ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവനവന്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തിയുടെ ഫലമാണ് പാപവും പുണ്യവും നിര്‍ണയിക്കുന്നത്. തീര്‍ത്ഥാടനത്തിലൂടെയും വ്രതാനുഷ്ഠാനത്തിലൂടെയും പാപം ഇല്ലാതാക്കാന്‍ കഴിയും. തീര്‍ത്ഥയാത്ര കൂടുതല്‍ നടത്തുന്നതിലൂടെ പാപത്തിന്റെ അളവ് കുറയുമെന്നതാണ് ഇത്തരം തീര്‍ത്ഥാടനത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രഭരണം നടത്തേണ്ടത് ഹിന്ദുക്കളും ഹിന്ദുപ്രതിനിധികളും തീരുമാനിക്കുന്നവരായിരിക്കണം. ഹിന്ദുവിന്റെ ധനം സര്‍ക്കാര്‍ കവരുന്നു. ഹിന്ദുവിന്റെ വിദ്യാഭ്യാസത്തിനും മതപരമായ കാര്യത്തിനും ഉന്നതിക്കുമായി മാറ്റിവക്കേണ്ട തുക സര്‍ക്കാര്‍ കൈക്കലാക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കില്ലെന്ന് പറയുമ്പോഴും അത് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമായ നിലയില്‍ നടക്കുകയാണ്. ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ പത്മനാഭസ്വാമി ക്ഷേത്രവും തങ്ങളുടെ വരുതിയിലെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിനെ എന്തുവില കൊടുത്തും ഹിന്ദുസമൂഹം ചെറുക്കുമെന്നും പറഞ്ഞു. ക്ഷേത്രം രക്ഷാധികാരി അഡ്വ.കെ.രവീന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാതാ അമൃതാനന്ദമയിമഠത്തിലെ ബ്രഹ്മചാരി മുരളീകൃഷ്ണ, മഞ്ഞപ്പാറ സുരേഷ്, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രതിനിധി സദാനന്ദന്‍, ടി.കെ.സോമശേഖരന്‍, ഹിന്ദുഐക്യവേദി നേതാക്കളായ പുത്തൂര്‍ തുളസി, പുനലൂര്‍ ഹരി, മോഹന്‍ലാല്‍, ഉറുകുന്ന് ക്ഷേത്രം ഭാരവാഹി ബിജു, വി.സുരേഷ്‌മോഹന്‍, കെ.പി.അര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു.
















