കൊളംബോ: കുമാര്‍ സംഗക്കാരയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ ശ്രീലങ്ക മരണമുഖത്ത്. നാലാം ദിനം അജിങ്ക്യ രഹാനെ കൈയടക്കിയപ്പോള്‍, ലങ്കയ്‌ക്ക് ജയിക്കാന്‍ എട്ടു വിക്കറ്റ് കൈയിലിരിക്കെ അവസാന ദിവസം 341 റണ്‍സ് വേണം. കഴിഞ്ഞ ടെസ്റ്റിലേതു പോലെ ഇന്ത്യ കളി കൈവിട്ടാല്‍ മാത്രം ആതിഥേയര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ളു. അജിങ്ക്യ രഹാനെയുടെ നാലാം ടെസ്റ്റ് സെഞ്ചുറിയുടെ (126) കരുത്തില്‍ രണ്ടാമിന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സടിച്ച് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ലങ്കയ്‌ക്കു നീട്ടിയത് 413 റണ്‍സ് എന്ന വലിയ ലക്ഷ്യം. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 എന്ന നിലയില്‍ പരുങ്ങുന്നു ലങ്ക.
ഇന്നലെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ രഹാനെയും മുരളി വിജയും (82) മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് ചേര്‍ത്തു സഖ്യം. രോഹിത് ശര്‍മ (34) ഒഴികെ മറ്റുള്ളവര്‍ക്ക് വലിയ സ്‌കോറിലേക്ക് ഇരുപതിനു മുകളിലേക്ക് കടക്കാനായില്ലെങ്കിലും രഹാനെ ടീമിനെ മുന്നോട്ടു നയിച്ചു. 212 പന്തില്‍ തന്റെ നാലാം ശതകം കുറിച്ച രഹാനെ, 243 പന്തില്‍ 10 ബൗണ്ടറികളോടെ 126 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (10), സ്റ്റുവര്‍ട്ട് ബിന്നി (17), വൃദ്ധിമാന്‍ സാഹ (13 നോട്ടൗട്ട്), അശ്വിന്‍ (19), അമിത് മിശ്ര (10) എന്നിവരും സംഭാവന നല്‍കി. ഗാലെയില്‍ കുരുക്കിയ രംഗന ഹെറാത്തിനെ സന്ദര്‍ശകര്‍ കരുതലോടെ നേരിട്ടത് ലങ്കയ്‌ക്ക് തിരിച്ചടിയായി. വീണ വിക്കറ്റുകള്‍ ധമ്മിക പ്രസാദും, താരിന്ദു കൗശലും (നാലു വിക്കറ്റ് വീതം) പങ്കിട്ടെടുത്തു.
വലിയ ലക്ഷ്യത്തിലേക്ക് ബറ്റേന്തിയ ലങ്കയ്‌ക്ക് തുടക്കത്തിലേ ഓപ്പണര്‍ കൗശല്‍ സില്‍വയെ (ഒന്ന്) നഷ്ടം. വൈകാതെ അവസാന ടെസ്റ്റിനിറങ്ങിയ കുമാര്‍ സംഗക്കാരയും (18) മടങ്ങി. രണ്ട് വിക്കറ്റും ബൗളിങ് ഓപ്പണ്‍ ചെയ്ത ആര്‍. അശ്വിന്. കഴിഞ്ഞ കളിയില്‍ സെഞ്ചുറിയുമായി ടീമിനെ താങ്ങിനിര്‍ത്തിയ നായകന്‍ ഏയ്ഞ്ചലോ മാത്യൂസും (23), ഓപ്പണര്‍ ദിമുത് കരുണരത്‌നെയും (25) ക്രീസില്‍. ഇന്നത്തെ ആദ്യ സെഷന്‍ അതിജീവിച്ചാലേ ലങ്കയ്‌ക്ക് സമനിലയെന്ന പ്രതീക്ഷ പോലുമുള്ളു.
















