മുംബൈ: പ്രൊ കബഡി ലീഗ് രണ്ടാം സീസണിലെ കലാശ പോരാട്ടത്തിന് ബെംഗളൂരു ബുള്‍സ്. വാശിയേറിയ സെമി ഫൈനലില്‍ തെലുങ്കു ടൈറ്റന്‍സിനെ 39-38ന് മറികടന്നു ബെംഗളൂരു. ധര്‍മരാജ് ചെരലതന്‍, നായകന്‍ മന്‍ജീത് ചില്ലാര്‍, അജയ് താക്കൂര്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ബെംഗളൂരുവിന് ആദ്യ ഫൈനല്‍ സമ്മാനിച്ചത്.
തുടക്കം മുതല്‍ മുന്നേറിയ ബെംഗളൂരു കളിയവസാനിക്കാന്‍ മൂന്നു മിനിറ്റ് വരെ ഏറെ മുന്നില്‍ (37-25). ഇവിടെ നിന്ന് രണ്ടും കല്‍പ്പിച്ച് പൊരുതിയ ടൈറ്റന്‍സ് രാഹുല്‍ ചൗധരിയുടെ തകര്‍പ്പന്‍ റെയ്ഡിന്റെ മികവില്‍ കുതിച്ചു. മൂന്നു മിനിറ്റിടെ രണ്ട് പോയിന്റ് മാത്രമേ ബെംഗളൂരുവിന് നേടാനായുള്ളു, ടൈറ്റന്‍സ് 13 പോയിന്റ് നേടി. എന്നാല്‍, അവസാന മിനിറ്റുകളില്‍ അജയ് താക്കൂറും, മന്‍ജീത് ചില്ലാറും റെയ്ഡുകളിലൂടെ ബെംഗളൂരുവിന് ഫൈനല്‍ ഉറപ്പിച്ചു.
റെയ്ഡിലും ടാക്ലിങ്ങിലും ഒരുപോലെ മികച്ചു നിന്ന ധര്‍മരാജ് ഒമ്പത് പോയിന്റ് നേടി ടോപ് സ്‌കോററായി. മന്‍ജീതിനും അജയ് താക്കൂറിനും എട്ട് പോയിന്റ് വീതം. പ്രതിരോധത്തിലും ആക്രമണത്തിലും ഒന്നുപോലെ മികച്ചു നിന്ന യുവതാരം സന്ദീപ് ടൈറ്റന്‍സിന് കുതിപ്പേകി. ദീപക് ഹൂഡയില്‍നിന്നൊഴികെ കാര്യമായ പിന്തുണ ലഭിക്കാതായതോടെ പോരാട്ടം വിഫലം. യു മുംബ-പട്‌ന പൈറേറ്റ്‌സ് മത്സര വിജയി ബെംഗളൂരുവിന്റെ ഫൈനല്‍ എതിരാളി.
















