കൃഷ്ണഗിരി (വയനാട്): മൂന്നു ദിവസവും മുന്‍തൂക്കം നേടിയിട്ടും കൃഷ്ണഗിരിയിലെ ആദ്യ അന്താരാഷ്ട്ര ജയം സ്വന്തം പേരിലാക്കാനായില്ല ദക്ഷിണാഫ്രിക്ക എയ്ക്ക്. ആദ്യ ദിവസങ്ങളിലെ തിരിച്ചടിയില്‍നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളും മഴയുടെ സഹായവും കൊണ്ട് ചതുര്‍ദിന മത്സരം സമനിലയിലെത്തിച്ചു ഇന്ത്യ എ. മറുനാടന്‍ മലയാളി കരുണ്‍ നായരുടെ (114) അപരാജിത ശതകം ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഓപ്പണര്‍ അഭിനവ് മുകുന്ദും (65), ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും (74 നോട്ടൗട്ട്) ഒപ്പം നിന്നപ്പോള്‍ കാര്യങ്ങള്‍ ആതിഥേയരുടെ വഴിക്ക്.
ക്രിക്കറ്റ് എന്ന ഗെയിമിനെ എത്രത്തോളം മനസിലാക്കിയ പ്രതിഭയാണ് രാഹുല്‍ ദ്രാവിഡെന്ന് കൃഷ്ണഗിരിയും തെളിയിച്ചു. ചെന്നൈയില്‍ ത്രിരാഷ്ട്ര പരമ്പരയില്‍ പ്രാഥമിക റൗണ്ടില്‍ രണ്ടു വട്ടം തോല്‍പ്പിച്ച ഓസ്ട്രേലിയയെ കീഴടക്കി കിരീടം നേടിയപ്പോള്‍ ആദ്യ വട്ടത്തിലെ പിഴവു തീര്‍ക്കലായി അത്. കൃഷ്ണഗിരിയിലും അതാവര്‍ത്തിച്ചു. ആദ്യ ദിവസങ്ങളിലെ പിഴവുകള്‍ അവസാന ദിവസം തിരുത്തിയപ്പോള്‍ ഫലം ജയതുല്യമായ സമനില. പരിശീലകന്റെ നിര്‍ദേശങ്ങള്‍ കളത്തില്‍ നടപ്പാക്കിയ യുവസൈന്യത്തിനും നൂറില്‍നൂറു മാര്‍ക്ക്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ അമ്പാട്ടി റായുഡുവിനെ നഷ്ടം. പിന്നെ, അഭിനവ് മുകുന്ദിനൊപ്പം കരുണ്‍ ചേര്‍ന്നതോടെ പോരാട്ടം എതിര് ക്യാംപിലേക്ക്. നാലാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്തത് 67 റണ്‍സ്. മുകുന്ദ് മടങ്ങിയതോടെ വീണ്ടും തിരിച്ചടി. എന്നാല്‍, പകരമെത്തിയ വിജയ് ശങ്കര്‍ കരുണിനു പറ്റിയ പങ്കാളിയായി. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 148 റണ്‍സ് നേടി കൂട്ടുകെട്ട്. 192 പന്തില്‍ 18 ഫോറും ഒരു സിക്സും ഉള്‍പ്പെടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരുണിന്റെ അഞ്ചാം സെഞ്ചുറി. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്ത ഡെയ്ന്‍ പെയഡ്റ്റിന് ഒരു വിക്കറ്റ്.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക എ 542, 105/1 ഡിക്ല.
ഇന്ത്യ എ ഒന്നാമിന്നിങ്സ് 204,
രണ്ടാമിന്നിങ്സ്
ജിവന്‍ജ്യോത് സിങ് റണ്ണൗട്ട് (പെയ്ഡ്റ്റ്) 1, അഭിനവ് മുകുന്ദ് സി ഡി ബ്ര്യൂണ്‍ ബി പെയഡ്റ്റ് 65, അങ്കുഷ് ബെയ്ന്‍സ് ബി കേശവ് 27, അമ്പാട്ടി റായുഡു സി ഡി ബ്ര്യൂണ്‍ ബി കേശവ് 15, കരുണ്‍ നായര്‍ നോട്ടൗട്ട് 114, വിജയ് ശങ്കര്‍ നോട്ടൗട്ട് 74, എക്സ്ട്രാസ് 13, ആകെ 107.2 ഓവറില്‍ നാല് വിക്കറ്റിന് 309.
വിക്കറ്റ് വീഴ്ച: 1-4, 2-43, 3-94, 4-161.
ബൗളിങ്: വെയ്ന്‍ പാര്‍നെല്‍ 3-0-19-0, ഡെയ്ന്‍ പാറ്റേഴ്സണ്‍ 21-5-69-0, കേശവ് മഹാരാജ് 36-12-79-2, ഡെയ്ന്‍ പെയഡ്റ്റ് 43-14-125-1, സ്റ്റയാന് വാന്‍ സില് 4.2-2-6-0.
















