കളമശേരി: കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗ് യന്ത്രം പ്രവര്‍ത്തന രഹിതമെന്ന് പരാതി ഉയരുന്നു. നിര്‍ധന രോഗികളെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞു വിടുന്നതായാണ് ആക്ഷേപം. മെഡിക്കല്‍ കോളേജില്‍ സ്വകാര്യ ഏജന്‍സിയാണ് സ്‌കാനിംഗ് നടത്തുന്നത്. സഹകരണ വകുപ്പിന് കീഴിലായിരുന്നപ്പോള്‍ ഏര്‍പ്പെടുത്തിയ സംവിധാനം പിന്നീട് തുടരുകയായിരുന്നു.
എന്നാല്‍ ഇവിടെ ഇടയ്‌ക്കിടെ യന്ത്രം കേടാവുന്നത് ചുമതലയുള്ള ഡോക്ടര്‍ രഹസ്യമാക്കി വയ്‌ക്കുകയാണ് ചെയ്യുന്നത്. കേടായതിനെപ്പറ്റി അന്വേഷിക്കുമ്പോള്‍ പരിശോധനാ യന്ത്രം നാളെ ശരിയാവുമെന്ന് രോഗികളോട് ടെക്‌നീഷ്യന്‍മാര്‍ പറയുകയാണത്രെ. കഴിഞ്ഞ ദിവസം ശരീരവേദനയുമായി വന്ന പതിനഞ്ചുകാരന് ഡോക്ടര്‍ സ്‌കാനിംഗിന് നിര്‍ദ്ദേശിച്ചു. മൂന്ന് ദിവസമായിട്ടും റിപ്പോര്‍ട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് രോഗിയുടെ രക്ഷകര്‍ത്താവിനോട് വിവരം തിരക്കിയപ്പോഴാണ് ഡോക്ടറും യന്ത്രം കേടായ വിവരം അറിഞ്ഞത്.
സ്‌കാനിംഗ് യന്ത്രത്തിന് കേടുവന്നാല്‍ പകരം യന്ത്രം ഉപയോഗിക്കുമെന്ന വ്യവസ്ഥ പാലിക്കാന്‍ തയ്യാറാണന്നാണ് സ്വകാര്യ ഏജന്‍സി നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ ഈ ഉറപ്പ് പാലിക്കുന്നുണ്ടോയെന്ന നോക്കേണ്ട ആര്‍എംഒ തന്നെ യന്ത്രം കേടായ സംഭവം മറച്ച് വച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അതേ സമയം രണ്ട് ജീവനക്കാര്‍ കളമശേരിയിലുള്ള ഒരു സ്വകാര്യ ലാബിനായി രോഗികളെ കാന്‍വാസ് ചെയ്യുന്നതായും പരാതിയുണ്ട്. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് രോഗികളെ സ്വകാര്യപരിശോധനാ കേന്ദ്രങ്ങളിലേക്ക് തള്ളിവിടുന്നത്. അതേ സമയം സ്‌കാനിംഗ് യന്ത്രത്തിന്റെ പ്രിന്റെഡ് സര്‍ക്യൂട്ട് കേടായിരിക്കുകയാണെന്നും ദല്‍ഹിയില്‍ നിന്ന് പകരം സര്‍ക്യൂട്ട് രണ്ട് ദിവസത്തിനകം എത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
















