ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ആയിരം രൂപയെങ്കിലും പെന്‍ഷന്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച അടല്‍ പെന്‍ഷന്‍ യോജനയില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി മാറ്റങ്ങള്‍ വരുത്തി. മാസംതോറും പണം അടയ്‌ക്കണമെന്ന വ്യവസ്ഥയിലാണ് പ്രധാനമാറ്റം. ഇനി മുതല്‍ മാസംതോറുമോ മൂന്നുമാസം തോറുമോ ആറുമാസത്തിലൊരിക്കലോ പദ്ധതിയില്‍ പണം നിക്ഷേപിക്കാം.
പദ്ധതിയില്‍ നിന്നും പന്‍മാറാനും ഇനി മുതല്‍ സാധിക്കും. എന്നാല്‍ സര്‍ക്കാരിലേക്കുള്ള ചെറിയ തുക ഫീസും മറ്റു നടപടിക്രമങ്ങളുടെ ചാര്‍ജ്ജുകളും ഈടാക്കും. നേരത്തെ 60വയസ്സാകുന്നതുവരെ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ലായിരുന്നു. വലിയ രോഗങ്ങളോ മരണമോ ഉണ്ടായാല്‍ മാത്രമേ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തുക തിരികെ വാങ്ങുന്നതിന് നേരത്തെ സാധിക്കുമായിരുന്നുള്ളൂ.
പദ്ധതിയില്‍ തുക നിക്ഷേപിക്കാന്‍ വൈകിയാല്‍ നൂറു രൂപയ്‌ക്ക് 1 രൂപ വീതം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സ്ലാബുകളിലെ പിഴനിരക്കുകള്‍ പിന്നീട് അറിയിക്കും. പദ്ധതിയില്‍ ചേര്‍ന്ന വ്യക്തിക്ക് പ്രയോജനകരമായ വ്യവസ്ഥകളോടെയാണ് പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്‍പ്പെടെ നിരവധി നിര്‍ദ്ദേശങ്ങളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ചത്.
ഇവ പരിഗണിച്ചാണ് മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കുന്നത്. അസംഘടിക മേഖലയിലെ തൊഴിലാളികളുടെ സ്ഥിരമായ വരുമാനമില്ല എന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പരിഗണിച്ചു. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ നിക്ഷേപിച്ച തുകയും സര്‍ക്കാര്‍ നിക്ഷേപിച്ച തുകയും അക്കൗണ്ടില്‍ ഉള്ളിടത്തോളം കാലം പെന്‍ഷന്‍ അക്കൗണ്ട് റദ്ദാകില്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
എല്ലാവര്‍ക്കും കുറഞ്ഞത് ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. തവണകളായി നിക്ഷേപിക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുക.
















