ശ്രീനഗര്‍: രാജ്യതാല്പ്പര്യത്തിന് വിരുദ്ധമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ചയ്‌ക്ക് ഒരുങ്ങിയ തീവ്രവാദ സംഘടനയായ ഹുറിയത്തിന്റെ നേതാക്കളെ വീട്ടു തടങ്കിലാക്കി, പിന്നീട് വിട്ടയച്ചു. സെയ്ദ് അലീ ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, മൗലവി അബ്ബാസ് അന്‍സാരി, ജെകെഎല്‍എഫ് (ജമ്മുകശ്മീര്‍ വിമോചന മുന്നണി) നേതാവ് യാസിന്‍ മാലിക്ക് എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടു തടങ്കലിലാക്കിയത്. രണ്ടു മണിക്കൂറിനു ശേഷം ഫാറൂഖ്, അന്‍സാരി, മാലിക്ക് എന്നിവരെ വിട്ടയച്ചു. എന്നാല്‍ ജമ്മുകശ്മീര്‍ താഴ്‌വരയില്‍ യാത്രയ്‌ക്ക് കടുത്ത നിയന്ത്രണമുള്ള ഗീലാനിയെ വിട്ടയച്ചിട്ടില്ല.
ഭാരതവുമായുള്ള ചര്‍ച്ചയ്‌ക്ക് 23ന് സര്‍താജ് അസീസ് ന്യൂദല്‍ഹിയില്‍ എത്തുന്നുണ്ട്. അ സീസിനെ ദല്‍ഹിയില്‍ എത്തി കാണാനാണ് വിഘടന, തീവ്രവാദി നേതാക്കളുടെ നീക്കം. ഇവരെ ചര്‍ച്ചയ്‌ക്ക് പാക് ഹൈക്കമ്മീഷന്‍ ക്ഷണിച്ചിട്ടുമുണ്ട്. ഗീലാനിയും ഫറൂഖും ക്ഷണം സ്വീകരിച്ചു. യാസിന്‍ മാലിക് അന്തിമ തീരുമാനം എടുത്തിട്ടില്ലത്രേ.ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം 23നും ഗീലാനിയും സംഘവും 24നുമാണ് അസീസിനെ കാണുന്നത്.
ഭാരതവുമായി ചര്‍ച്ചയ്‌ക്ക് എത്തുന്ന അസീസുമായി വിഘടനവാദികളെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചതും അവര്‍ ചര്‍ച്ചയ്‌ക്ക് പോകുന്നതും രാജ്യതാല്പ്പര്യത്തിന് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരമൊരു കൂടിക്കാഴ്ചയ്‌ക്ക് എതിരെ ഭാരതം ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ യുക്തമായ നടപടി എടുക്കുമെന്നും ഭാരതം അറിയിച്ചു. 2014 ജൂലൈയില്‍ ഭാരത പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്‌ക്ക് തീരുമാനിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ വിഘടനവാദികളെയും ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചതോടെ ഭാരതം അന്ന് ചര്‍ച്ച റദ്ദാക്കുകയായിരുന്നു.
















