ന്യൂദല്‍ഹി: കുര്‍ത്ത പൈജാമ സര്‍ക്കാരിന് മാത്രമേ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കൂകയുള്ളുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. രാഹുല്‍ഗാന്ധി ആദ്യം സഹോദരീ ഭര്‍ത്താവായ റോബര്‍ട്ട് വാദ്രയെ കുര്‍ത്തയും പൈജാമയും ധരിപ്പിക്കുകയാണ് വേണ്ടത്. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയിലെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്‍.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 7 വര്‍ഷം മുമ്പ് സ്ഥാപിച്ച സ്ഥാപനത്തിന് ഇതുവരെ സ്വന്തമായി കാമ്പസ് പോലും ആയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച മന്ത്രി കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചുകൊണ്ടിരുന്നതെന്നും, മുദ്രാവാക്യങ്ങളിലൂടെ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും പറഞ്ഞു. നിങ്ങളുടെ സര്‍ക്കാര്‍ സ്ഥാപിച്ച സ്ഥാപനമാണിത്. നിങ്ങളുടെ മണ്ഡലത്തിന് അടുത്തുതന്നെ സ്ഥാപിച്ച് നിങ്ങളുടെ അച്ഛന്റെ പേരുമിട്ടു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ സ്വന്തമായി കാമ്പസ് പോലുമില്ല, രാഹുല്‍ഗാന്ധിയെ ലക്ഷ്യമിട്ട് ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.
2008ല്‍ സ്ഥാപിച്ച സ്ഥാപനമാണ് റായ്ബറേലിയിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി. കേന്ദ്രസര്‍ക്കാരിന് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അടുത്ത വര്‍ഷത്തോടെ സ്ഥാപനം സ്വന്തം കാമ്പസിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങുമെന്നും കേന്ദ്രമന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ സംസ്ഥാനമായ ആസാമിലെ ശിവസാഗറില്‍ സ്ഥാപനത്തിന് വേണ്ട കാമ്പസ് കണ്ടെത്തിക്കഴിഞ്ഞെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
















