സെഞ്ചൂറിയന്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക്
ജയം. 20 റണ്‍സിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക കിവികളെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് 48.1 ഓവറില്‍ 284 റണ്‍സിന് ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 124 റണ്‍സ് നേടിയ ഓപ്പണര്‍ ഹഷിം ആംലയാണ് മാന്‍ ഓഫ് ദി മാച്ച്. ഡേവിഡ് വീസ് ദക്ഷിണാഫ്രിക്കക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം ടീമിന് നല്‍കാന്‍ കഴിഞ്ഞില്ല. വാന്‍വിക്കും ആംലയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16 റണ്‍സെടുത്ത വാന്‍ വിക്കിനെ മക്ലനാഗന്റെ പന്തില്‍ മക്കല്ലം പിടികൂടിയതോടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ആംലക്കൊപ്പം റുസ്സോവ് ഒത്തുചേര്‍ന്നതോടെ അവര്‍ പിടിമുറുക്കി. 185 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 231-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 112 പന്തുകളില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറുമടക്കം 89 റണ്‍സെടുത്ത റുസ്സോവിനെ മക്ലനാഗന്‍ ബൗള്‍ഡാക്കി. ഇതിനിടെ ആംല സെഞ്ചുറിയും തികച്ചിരുന്നു. 109 പന്തില്‍ നിന്നായിരുന്നു ആംലയുടെ ഏകദിനത്തിലെ 21-ാം ശതകം. പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച ബാറ്റിംഗ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. ഡിവില്ലിയേഴ്‌സ (9), മില്ലര്‍ (14), ബഹാര്‍ഡിന്‍ (15), ഡേവിഡ് വീസ് (14) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 304-ല്‍ ഒതുങ്ങിയത്. ന്യൂസിലാന്‍ഡിന് വേണ്ടി മില്‍നെയും മക്ലനാഗനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
തുടര്‍ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്‍ഡിന് സ്‌കോര്‍ മൂന്ന് റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത റോഞ്ചിയെ സ്‌റ്റെയിന്റെ പന്തില്‍ ആംല പിടികൂടി. പിന്നീട് ലാഥമും വില്ല്യംസണും ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തെങ്കിലും സ്‌കോര്‍ 107-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 47 റണ്‍സെടുത്ത വില്ല്യംസണിനെ ഇമ്രാന്‍ താഹിറിന്റെ പന്തില്‍ സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ എല്‍ഗാര്‍ കയ്യിലൊതുക്കി. പിന്നീടെത്തിയവരില്‍ നീഷാം 41ഉം മണ്‍റോ 33ഉം ഗുപ്റ്റില്‍ 25ഉം റണ്‍സെടുത്തു ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവരെല്ലാം ബാറ്റിംഗില്‍ തീര്‍ത്തും പരാജയപ്പെട്ടതോടെ ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് 284 റണ്‍സിന് അവസാനിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്‌റ്റെയിന്‍, ഫിലാന്‍ഡര്‍, ഇമ്രാന്‍ താഹിര്‍, അരങ്ങേറ്റക്കാരന്‍ ഡേവിഡ് വീസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
















