കൃഷ്ണഗിരി (വയനാട്): ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ എ ടീം പരാജയത്തിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 338 റണ്‍സിന്റെ ലീഡ് നേടിയ ദക്ഷിണാഫ്രിക്കന്‍ ടീ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 444 റണ്‍സായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 72 റണ്‍സ് എന്ന നിലയിലാണ്. ഒരു ദിവസവും എട്ട് വിക്കറ്റും കയ്യിലിരിക്കെ 371 റണ്‍സ് കൂടി വേണം. 27 റണ്‍സുമായി അഭിനവ് മുകുന്ദും 13 റണ്‍സുമായി അമ്പാട്ടി റായിഡുവുമാണ് ക്രീസില്‍.
ഇന്നലെ 122ന് മൂന്ന് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യന്‍ എ ടീം 204 റണ്‍സിന് ഓള് ഔട്ടായി. അവസാന ഏഴ് വിക്കറ്റുകള്‍ 82 റണ്‍സിനാണ് ഇന്ത്യ നഷ്ടമാക്കിയത്. 49 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരും 46 റണ്‍സെടുത്ത അമ്പാട്ടി റായിഡുവുമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 38 റണ്‍സെടുത്ത അഭിനവ് മുകുന്ദും തരക്കേടില്ലാതെ ബാറ്റ് വീശി. എന്നാല്‍ മധ്യ-വാലറ്റ നിര ബാറ്റ്സ്മാന്മാര് ദയനീയമായി പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കരുണ്‍ നായര്‍ (9), വിജയ് ശങ്കര്‍ (3), ബെയ്ന്‍സ് (5), അക്ഷര്‍ പട്ടേല്‍ (12), ജയന്ത് യാദവ് (1), അഭിമന്യു മിഥുന് (0), ഈശ്വര്‍ പാണ്ഡെ (13 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ദക്ഷിണാഫ്രിക്കന്‍ എ ടീമിനായി ഡെയ്ന്‍ പെയ്ഡറ്റ് 85 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ പിഴുത് മികച്ച ബൗളിങ് കാഴ്ചവെച്ചു.
ഒന്നാം ഇന്നിംഗ്സില്‍ 338 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ലഭിച്ചിട്ടും ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഹെന്റിക്കസ് രണ്ടാം ഇന്നിംഗ്സിലും അതേ പ്രകടനം ആവര്‍ത്തിച്ചു. 69 പന്തില്‍ നിന്ന് 10 ഫോറും ഒരു സിക്സറുമടക്കം 61 റണ്‍സെടുത്താണ് ഹെന്റിക്കസ് അക്ഷര്‍ പട്ടേലിന്റെ ബൗളിംഗില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയത്. പിന്നീട് വാന്‍ സിലും (38 നോട്ടൗട്ട്) ഡി ബ്ര്യൂയനും (5 നോട്ടൗട്ട്) ചേര്‍ന്ന് സ്കോര്‍ 100 കടത്തി. സ്കോര്‍ 105-ല്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് മുന്നില്‍ 444 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാ്രഫിക്ക ഉയര്‍ത്തിയത്.
തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 1 റണ്ണെടുത്ത ജീവന്‍ജ്യോത് സിംഗിനെ പെയ്ഡറ്റ് റണ്ണൗട്ടാക്കി. സ്കോര്‍ 43 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 27 റണ്‍സെടുത്ത അങ്കുഷ് ബെയ്ന്സിനെ കേശവ് മഹാരാജ് ബൗള്‍ഡാക്കി. പിന്നീട് അഭിനവ് മുകുന്ദും അമ്പാട്ടി റായിഡും ചേര്‍ന്നാണ് മൂന്നാം ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളി അവസാനിപ്പിച്ചത്.
















