ന്യൂദല്‍ഹി: ഐപിഎല്‍ വാതുവയ്‌പ്പുകേസില്‍ എസ്. ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടിക്കെതിരേ ദല്‍ഹി പോലീസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതിനുള്ള നടപടി പുരോഗമിക്കുന്നുവെന്ന് ദല്‍ഹി പോലീസിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താരങ്ങള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മുന്നോട്ടു പോകുന്നത്.
അതേസമയം, ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവര്‍ വാതുവയ്‌പ്പുകാരുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പുകള്‍ ദല്‍ഹി പോലീസിന്റെ കൈയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാന്‍ഡിലയും വാതുവയ്‌പ്പുകാരനും തമ്മിലുള്ള സംഭാഷണം ഇവര്‍ പുറത്തുവിട്ടു. അപ്പീല്‍ നല്‍കുന്നതു വരെ കേസ് സജീവമായി നിലനിര്‍ത്താന്‍ പോലീസ് തന്നെ ഒരുക്കിയ തിരക്കഥയാണ് ഇതെന്ന വിലയിരുത്തലുമുണ്ട് നിയമ വിദഗ്ധര്‍ക്ക്.
2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അറസ്റ്റിലാകുന്നത്. ഇവര്‍ക്കെതിരേ മഹാരാഷ്‌ട്ര സംഘടിത കുറ്റകൃത്യ നിയമം (മക്കോക്ക) ചുമത്തി. പോലീസിന്റെ കണ്ടെത്തല്‍ വിചാരണ നടന്ന പട്യാല ഹൗസ് കോടതി തള്ളി, കേസ് റദ്ദാക്കി.
















