ഭോപ്പാല്‍: ഈ വരുന്ന നവംബര്‍ 29-ന് ഭരണത്തില്‍ ഒരു ദശകം തികക്കാന്‍ പോവുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് പറയുന്നു, സത്യസന്ധത നയമായി സ്വീകരിച്ചിരിക്കുന്ന താന്‍ ഒരു തെറ്റായ നടപടിയും ചെയ്തിട്ടില്ല. വ്യാപം അഴിമതിക്കേസില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.
”ഞാന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കുന്നു. എന്തു സംഭവിച്ചാലും ഞാന്‍ സത്യത്തില്‍ ഉറച്ചു നില്‍ക്കും. ജനാധിപത്യത്തില്‍ മുഖ്യമന്ത്രി ജനസേവകനാണ്. ഞാന്‍ ഈ തത്വം വിശുദ്ധമായി അനുഷ്ഠിക്കുന്നു,” ചൗഹാന്‍ പറഞ്ഞു.
വ്യാപം അഴിമതിയില്‍ പ്രതിപക്ഷം മുഖ്യമന്ത്രി ചൗഹാന്റെ പേര് അടിസ്ഥാനരഹിതമായി വലിച്ചിഴക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ”ഞാനിപ്പോള്‍ ഏറെ വ്യാകുലനായിരിക്കുന്നത്, വെറും രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിച്ച വ്യാപം അഴിമതിക്കേസിലെ ഇല്ലാക്കഥകളിലൂടെ മധ്യപ്രദേശിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിലാണ്. ഈ കേസില്‍ സിബിഐ നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതോടെ യഥാര്‍ത്ഥ സത്യം പുറത്തുവരുമെന്ന കാര്യത്തില്‍ താന്‍ വിശ്വാസത്തിലാണ്,” ചൗഹാന്‍ പറഞ്ഞു.
പത്തുവര്‍ഷം അടുക്കാറായിരിക്കെ, ”മുഖ്യമന്ത്രിയായി അധികാരമേറ്റ അന്നു മുതല്‍ പ്രവേശനങ്ങളിലും നിയമനങ്ങളിലും സുതാര്യത സുക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത് നിയമങ്ങള്‍ തുണ്ടുകടലാസിലും മറ്റും കുറിച്ചു കൊടുക്കുന്ന സമ്പ്രദായത്തിലായിരുന്നു. അങ്ങനെ കഴിവുറ്റവരും യോഗ്യതയുള്ളവരും പുറത്തുപോയി. പല വകുപ്പുകളിലും നിയമനങ്ങള്‍ ഇങ്ങനെ വഴിവിട്ട മാര്‍ഗ്ഗത്തിലൂടെയായിരുന്നു. ഈ സംവിധാനമാണ് അടിമുടി മാറ്റിയത്,” ചൗഹാന്‍ പറഞ്ഞു.
2007-ല്‍ വ്യാപം നിയമന സംവിധാനം വഴി 1.7 കോടി അര്‍ഹതയുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സേവനത്തിന് അവസരമുണ്ടായത്. 3.54 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടി, മുഖ്യമന്ത്രി പറഞ്ഞു.
















