ന്യൂദല്‍ഹി: ആഗോള ശാസ്ത്രത്തിന്റെ പ്രയോഗത്തിന് നാടന്‍ സാങ്കേതിക വിദ്യ കണ്ടെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രജ്ഞരുമായുള്ള സംവാദത്തില്‍ ആഹ്വാനം ചെയ്തു. 30 ശാസ്ത്രജ്ഞരുമായി രണ്ടര മണിക്കൂറിലേറെ നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗംഗാ ശുദ്ധീകരണം പോലുള്ള വമ്പിച്ച പദ്ധതിയുടെ വിജയത്തിന് സാങ്കേതിക- ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിന് കൂടുതല്‍ ലഘുവായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലും ആരോഗ്യ രംഗത്തും ശാസ്ത്രീയ ഗവേഷണങ്ങള്‍ നടക്കണം. വനവാസി മേഖലയില്‍ കണ്ടുവരുന്ന അരിവാള്‍ രോഗം പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സ കണ്ടെത്തണം. ആഗോള താപനം പോലുള്ള കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ നമ്മുടെ കണ്ടെത്തലുകള്‍ പ്രമുഖമാകണം, മോദി പറഞ്ഞു.
യോഗത്തില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍, നിതി ആയോഗ് ഉപാധ്യക്ഷന്‍ ഡോ. അരവിന്ദ് പനഗാരിയ, അംഗം വി. കെ. സാരസ്വത്, മന്ത്രി വൈ. എസ്. ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു.
















