കൊളംബോ: പരിക്കിന്റെ പിടിയില്‍ നിന്ന് മുക്തരാവാന്‍ കഴിയാതെ ടീം ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച പ്രതിഭാധനനായ കുമാര്‍ സംഗക്കാരയുടെ അവസാന ടെസ്‌റ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ടെസ്‌റ്റോടെ സംഗക്കാര ക്രിക്കറ്റിനോട് വിടപറയും.
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള രണ്ട് ടെസ്റ്റുകളും നഷ്ടമായി. പരിക്ക് ഭേദമാകാന്‍ നാല് മുതല്‍ ആഴ്ച വരെ ധവാന് വിശ്രമം ആവശ്യമാണ്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയും (134) രണ്ടാം ഇന്നിംഗ്‌സില്‍ 28 റണ്‍സും നേടിയ ധവാന്‍ മികച്ച ഫോമിലായിരുന്നു. അതുകൊണ്ടുന്നെ ധവാന്റെ അഭാവം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിഴലിക്കുമെന്ന് ഉറപ്പാണ്. ആദ്യ ടെസ്റ്റിന് മുമ്പ് പരിക്കിന്റെ പിടിയിലായ മുരളി വിജയ് ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ വിജയ് കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയായിരിക്കും രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങുക. എന്നാല്‍ ലോകേഷ് രാഹുല്‍ ഫോമിലുമല്ല. ആദ്യ ടെസ്റ്റില്‍ 7, 5 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സംഭാവന.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയ സ്റ്റുവര്‍ട്ട് ബിന്നി ഇന്ന് കളിക്കുമെന്നാണ് സൂചന. മികച്ച ഓള്‍ റൗണ്ടറായ ബിന്നിയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവും.
ആദ്യ ടെസ്റ്റില്‍ ഉറപ്പിച്ച വിജയം കൈവിട്ടതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. അതും ഒന്നാം ഇന്നിംഗ്‌സില്‍ 192 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയശേഷം. രണ്ടാം ഇന്നിംഗ്‌സില്‍ വിജയിക്കാന്‍ 176 റണ്‍സ് മാത്രം ആവശ്യമുണ്ടായിരുന്ന ഇന്ത്യയെ വെറും 112 റണ്‍സിന് എറിഞ്ഞിട്ടാണ് ശ്രീലങ്ക ഐതിഹാസികമായ വിജയം സ്വന്തമാക്കിയത്. 21 ഓവര്‍ എറിഞ്ഞ 48 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 7 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഹെറാത്താണ് ടീം ഇന്ത്യയുടെ അന്തകനായത്. ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയിലാണ് ഇനി ടീം ഇന്ത്യ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ കോഹ്‌ലി (3 റണ്‍സ്) പരാജയമായിരുന്നു. അതുപോലെ ഇഷാന്ത് ശര്‍മ്മ, അജിന്‍ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരും ആദ്യ ടെസ്റ്റില്‍ അവസരത്തിനൊത്തുയര്‍ന്നില്ല.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത് എന്നത് കോച്ച് രവി ശാസ്ത്രിയെയും ആശങ്കയിലാക്കുന്നുണ്ട്.
മറുവശത്ത് ശ്രീലങ്കയാകട്ടെ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് ഹെറാത്തിന്റെ മാസ്മരിക പന്തേറിലൂടെ ലങ്ക വിജയം പിടിച്ചെടുത്തത്. ഇന്ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും വിജയം മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. അങ്ങനെ തങ്ങളുടെ ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാരക്ക് രാജകീയമായി വിടവാങ്ങാനുള്ള അവസരമൊരുക്കാനും അവര്‍ ശ്രമിക്കും. എന്നാല്‍ ബാറ്റിംഗിലെ ഫോമില്ലായ്‌മ ലങ്കയെയും കുഴക്കുന്നുണ്ട്.
സംഗക്കാര ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് കളിച്ചാല്‍ ടീം ഇന്ത്യ വിയര്‍ക്കുമെന്ന് ഉറപ്പാണ്. ഇരുടീമിലെയും ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. എന്തായാലും തുടര്‍ച്ചയായ രണ്ടാം വിജയവും പരമ്പര നേട്ടവും സ്വപ്‌നം കണ്ട് ശ്രീലങ്കയും ആദ്യ ടെസ്റ്റിന്റെ പരാജയം മറന്ന് വിജയിത്തിലൂടെ തിരിച്ചെത്താന്‍ ടീം ഇന്ത്യയും ഇറങ്ങുന്നതോടെ മികച്ച മത്സരമായിരിക്കും അരങ്ങേറുക.
















