പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് വിദ്യാര്‍ത്ഥികളെ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ കാമ്പസിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ ഡെക്കാന്‍ ജിംഖാന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പതിനേഴ് വിദ്യാര്‍ത്ഥികളുടെ പട്ടികയുമായാണ് പൊലീസ് കാമ്പസിലെത്തിയത്.
വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച തന്നെ തടഞ്ഞുവച്ചെന്ന് ആരോപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ പ്രശാന്ത് പ്രതാഭേ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. രണ്ട് പെണ്‍കുട്ടികളടക്കം 17 വിദ്യാര്‍ത്ഥികളുടെ പേരാണ് പൊലീസിന്റെ പട്ടികയിലുള്ളത്. ബാക്കിയുള്ളവരെ ബുധനാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ മുപ്പതോളം വിദ്യാര്‍ത്ഥികളെ കൂടി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പേരുകളിലുള്ള ആശയക്കുഴപ്പം മൂലം അറസ്റ്റ് ഉണ്ടായിട്ടില്ല.
അറസ്റ്റിലെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരും നിരവധി വിദ്യാര്‍ത്ഥികളും സ്റ്റേഷനിലെത്തി. പൊലീസ് അര്‍ദ്ധരാത്രിയില്‍ കാമ്പസിലെത്തി അറസ്റ്റ് നടത്തിയത് ശരിയായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പ്രശാന്ത് പ്രതാഭേയുടെ ജോലി തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകളാണ് വിദ്യാര്‍ത്ഥികളില്‍ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം പൊതുമുതല്‍ നശിപ്പിക്കല്‍, കലാപമുണ്ടാക്കല്‍ തുടങ്ങി ആറോളം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ പുറത്തേക്ക് വിടില്ലെന്ന് വ്യക്തമാക്കി തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ ഡയറക്ടറെ അദ്ദേഹത്തിന്റെ കാബിനില്‍ തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടറും രജിസ്ട്രാറും ചേര്‍ന്ന് പൊലീസിനെ വിളിക്കുകയായിരുന്നു.
















