മുഹമ്മ: റഷ്യയില്‍ നടക്കുന്ന ഭിന്നശേഷിയുള്ളവരുടെ അന്തര്‍ദേശീയ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ബാബുരാജ് സാഹസികമായി വേമ്പനാട്ട് കായല്‍ നീന്തിക്കടന്നു. വൈകല്യങ്ങളെ തോല്‍പ്പിച്ചാണ് എല്‍ ഐ സി ഏജന്റായ ആലപ്പുഴ കൈനകരി തയ്യില്‍ വീട്ടില്‍ ബാബുരാജ്(50) വേമ്പനാട്ട് കായലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കുമരകം കുരുശടിഭാഗത്ത് നിന്നും മുഹമ്മ ജെട്ടിയിലേക്കാണ് നീന്തിയത്. മൂന്നുമണിക്കൂര്‍ കൊണ്ട് ബാബുരാജ് 10 കിലോമീറ്റര്‍ താണ്ടിയാണ് റെക്കോഡ് കൈവരിച്ചത്. നവംബറില്‍ റഷ്യയില്‍ നടക്കുന്ന ഐഡബ്ലിയുഎഎസ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നതിന് 4 ലക്ഷം രൂപ ചെലവുവരും. ഇതിനുള്ള പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാബുരാജ് കായല്‍ മറികടന്നത്. ദേശീയ ഗെയിംസില്‍ നാല് ഇനങ്ങളിലാണ് ബാബുരാജ് മല്‍സരിക്കുന്നത്. ഇന്നലെ രാവിലെ 7.20ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു ഫഌഗ് ഓഫ് ചെയ്തു. മുഹമ്മയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ അലക്‌സ് മാത്യു അധ്യക്ഷത വഹിച്ചു. എല്‍ഐസി ഡവലപ്‌മെന്റ് ഓഫീസര്‍ എസ്. എസ്. അയ്യര്‍, സന്തോഷ്പട്ടണം, എന്‍. ടി. രാരിച്ചന്‍,ഡി ലോനപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയാണ് ബാബുരാജിന്റെ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഭാര്യ ഷീബയും നീന്തല്‍ പരിശീലിക്കുന്ന മക്കളായ ഉമാശങ്കര്‍,ശിവശങ്കര്‍ എന്നിവരുടെ പിന്തുണയുമാണ് ഈ അന്‍പതുകാരന് വേമ്പനാട്ട് കായല്‍ നീന്തിക്കടക്കാന്‍ പ്രചോദനമായത്.
















