ന്യൂദല്‍ഹി: രാജ്യത്തെ വലിയ വിഭാഗം അസംഘടിതരായവരെ കൂടി ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ശ്രമേവ ജയതേ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളോടുള്ള നിലവിലുള്ള നമ്മുടെ കാഴ്‌ച്ചപാട് നമുക്ക് ഭൂഷണമല്ലെന്ന് പറഞ്ഞ മോദി ഓട്ടോറിക്ഷാ ഡ്രൈവര്‍, റിക്ഷാക്കാരന്‍, പത്രവിതരണക്കാരന്‍, അല്ലെങ്കില്‍ പാല്‍ക്കാരന്‍ എന്നിവരെയൊന്നും നാം ആദരവോടെ കാണാറില്ലെന്ന് ചൂണ്ടിക്കാട്ടി. ഈ ദൗര്‍ബല്യം നമ്മുടെ 125 കോടി നാട്ടുകാരുടെ മനസ്സുകളില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ തുടച്ചു നീക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി തൊഴിലിന്റെ മഹത്വവും തൊഴിലാളികളോട് ബഹുമാനവും മതിപ്പും നമ്മുടെ ദേശീയ കടമയും സ്വഭാവവുമാകണമെന്ന് അഭിപ്രായപ്പെട്ടു.
അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഒരു ദൗത്യം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒട്ടേറെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവരെ സഹായിക്കും. അവര്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് 27,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് തൊഴിലിടം മാറുമ്പോള്‍ ഈ നിക്ഷേപിച്ച പണം തിരികെ കിട്ടാന്‍ നിലവിലുള്ള സംവിധാനത്തില്‍ പലവിധ തടസമുണ്ട്. തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തി. എവിടെ പോയാലും ഏതു ജോലി മാറിയാലും ഈ നിക്ഷേപിച്ച പണം തിരികെ കിട്ടും. ഒരു രൂപ പോലും ആര്‍ക്കും പറ്റിക്കാനാവില്ല. ഇങ്ങനെ നിക്ഷേപിക്കപ്പെട്ട, ഖജനാവിലുള്ള, 27,000 കോടി രൂപ മടക്കി നല്‍കാന്‍ ശ്രമിച്ചുവരികയാണെന്നും പ്രധാനന്ത്രി പറഞ്ഞു. തൊഴില്‍ മേഖലയിലെ 44 നിയമങ്ങള്‍ ഞങ്ങള്‍ നാല് പെരുമാറ്റച്ചട്ടങ്ങളില്‍ അണിനിരത്തി നിയമ നടപടികള്‍ കൂടുതല്‍ തൊഴിലാളി അനുകൂലമാക്കിയതായും അദ്ദേഹം പറഞ്ഞു.
















