ന്യൂദല്‍ഹി: ബഹുജനം വ്യത്യസ്ത മനസ്ഥതിക്കാരാണെന്നും അതില്‍ ദോഷം മാത്രം കാണുന്നവര്‍ക്കു വേണ്ടി സമയം ചെലവിടാന്‍ 125 കോടി ജനങ്ങളടങ്ങുന്ന ടീം ഇന്ത്യക്ക് സാധിക്കില്ലെന്നും പ്രധാനമന്ത്രി മോദി. സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയാണ് ഈ സാമുഹ്യ വിമര്‍ശം വന്നത്.
പ്രധാനമന്ത്രി പറഞ്ഞു, ”ചില സമയങ്ങളില്‍ ചിലര്‍ക്ക് ദോഷൈകദൃക്കുകളായിരിക്കാനാണ് താല്‍പ്പര്യം. അവരുടെ നിരാശ മറ്റുള്ളവരുമായി പങ്കിടാതെ അവര്‍ക്ക് ശരിയായി ഉറങ്ങാനാവില്ല. അതൊരു ശീലമാണ്. ചിലയാളുകള്‍ സുഖമില്ലാതാവുമ്പോള്‍ തങ്ങളുടെ രോഗാവസ്ഥ മറ്റുള്ളവരില്‍ നിന്ന് ഒളിച്ചുവെക്കും. കാരണം തങ്ങളുടെ അവസ്ഥ മറ്റുള്ളവരുമായി പങ്കിടാനും അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ മറ്റുചിലരുണ്ട് അവര്‍ക്ക് അസുഖം വന്നാല്‍ മറ്റുള്ളവര്‍ തന്നെ കാണണമെന്നും അസുഖവിവരം അറിയണമെന്നുമുള്ളവരാണവര്‍. ആരെങ്കിലും കാണാന്‍ വന്നാല്‍ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് സന്ദര്‍ശകരുമായി മണിക്കൂറുകളോളം പറയും. എനിക്കറിയാം, ചിലര്‍ നിരാശിതരാകാന്‍ അവസരം കാത്തിരിക്കുകയും അത് പരത്തുകയും ചെയ്യും. അവരുടെ നിരാശ എത്രത്തോളം പരത്തുന്നുവോ, അവര്‍ക്ക് രാത്രിയില്‍ അത്രയും സുഖകരമായ ഉറക്കം ലഭിക്കും. അത്തരക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പദ്ധതിയോ, ആസൂത്രണമോ ഉള്ളവരല്ല. എന്തായാലും ഇത്തരം ആള്‍ക്കാര്‍ക്ക് വേണ്ടി സമയം ചെലവിടാന്‍ 125 കോടി ജനങ്ങളടങ്ങുന്ന നമ്മുടെ ടീം ഇന്ത്യയ്‌ക്ക് എങ്ങനെ കഴിയും.”
പാചകവാതക സബ്‌സിഡിയെക്കുറിച്ചു പരാമര്‍ശിക്കവേയാണ് മോദി ഇതു പറഞ്ഞത്, അദ്ദേഹം തുടര്‍ന്നു: പാചകവാതക സബ്‌സിഡിയില്‍ ഞാന്‍ 15,000 കോടി രൂപയുടെ വെട്ടിക്കുറവ് പ്രഖ്യാപിച്ചാല്‍ നൂറുകണക്കിന് മാധ്യമക്കുറിപ്പുകള്‍ എന്നെ പ്രശംസിക്കുമെന്ന് എനിയ്‌ക്ക് ഉറപ്പുണ്ട്. അവര്‍ പറയുമായിരിക്കും 15,000 കോടി രൂപയുടെ പാചകവാതക സബ്‌സിഡി പിന്‍വലിച്ച മനുഷ്യനാണിതെന്ന്. ഈ മനുഷ്യന് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്. ഞാന്‍ അങ്ങനെ എടുക്കാതിരുന്നാല്‍ ഇക്കൂട്ടര്‍ പറയും യാതൊന്നും പ്രകടമല്ലെന്ന്, മോദി പറഞ്ഞു.
















