ന്യൂദല്‍ഹി: വികസനത്തിന്റെ സദ്ഫലങ്ങളിലൂടെ ജാതീയതയുടെ വിഷവും വര്‍ഗ്ഗീയതയുടെ ഭ്രാന്തും ഇല്ലായ്‌മ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതയെ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ചെങ്കോട്ടയില്‍നിന്ന് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഐക്യവുംലാളിത്യവും സാഹോദര്യവും സൗഹാര്‍ദ്ദവുമാണ് നമ്മുടെ ഏറ്റവും വലിയ സമ്പാദ്യങ്ങള്‍, അതിനൊരിക്കലും പ്രഭമങ്ങുകയോ ക്ഷതമേല്‍ക്കുകയോ ചെയ്യരുത്. രാജ്യത്തിന്റ ഐക്യം തകര്‍ക്കപ്പെട്ടാല്‍ സ്വപ്നങ്ങള്‍ ഛിന്നഭിന്നമാകും. ജാതീയതയുടെ വിഷത്തിനോ വര്‍ഗീയതയുടെ ഭ്രാന്തിനോ ഒരിക്കലും ഇടം നല്‍കരുത്, വളരാന്‍ അനുവദിക്കരുത്. അവയെ വികസനത്തിന്റെ സദ്ഫലങ്ങളിലൂടെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കണം. ഇതിലൂടെ പുതിയ ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
ആഗസ്റ്റ് 15-ന്റെ പ്രഭാതം വെറുമൊരു സാധാരണ പ്രഭാതമല്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിന്റെ പ്രഭാതമാണ്. 125 കോടി ജനതയുടെയും രാഷ്‌ട്രാഭിമാനത്തിനായി നൂറ്റാണ്ടുകളോളം ത്യാഗവും പീഡനവും സഹിച്ച നമ്മുടെ മഹാന്മാരായ നേതാക്കളുടെ ദൃഢനിശ്ചയത്തിന്റെയും പ്രഭാതമാണിത്. ആ സ്വാതന്ത്ര്യസമരസേനാനികളെ ദശലക്ഷം തവണ ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ഭാരതം ശ്രദ്ധിക്കപ്പെടാന്‍ കാരണക്കാരായ ആയിരക്കണക്കിന് വ്യക്തികളെ ഈ ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തിന് നിരവധി ഗുണങ്ങളും, വൈവിധ്യവും, വിശാലതയും ഉള്ളതുപോലെ ഓരോ ഭാരതീയനിലും ലാളിത്യമുണ്ട്, രാജ്യത്തിന്റെ ഓരോ മൂലയിലും ഐക്യവുമുണ്ട്. ഇതാണ് നമ്മുടെ ആസ്തിയും ശക്തിയും. അതത് കാലത്തെ ആവശ്യകതയനുസരിച്ച് ഭാവിയിലെ സ്വപ്നങ്ങള്‍ പൂവണിയിക്കാനായി ആ കരുത്തിനെ നാം പരുവപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിലൂടെയും ഓരോ ദിവസവും ഓരോ പുതിയ തീരുമാനങ്ങളിലൂടെയും കടന്നുപോയാണ് ഭാരതം ഈ ഘട്ടത്തിലെത്തിയിരിക്കുന്നത്, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
















