ന്യൂദല്‍ഹി:സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ജൂലൈ വരെ രാജ്യത്തെ നഗരങ്ങളിലെ 4,35,805 വീടുകളില്‍ കക്കൂസുകള്‍ നിര്‍മിച്ചുവെന്ന് കണക്കുകള്‍. 22,419 പൊതുകക്കൂസുകള്‍ ഉപയോഗ യോഗ്യമാക്കിയെന്നും നഗരവികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ മുനിസിപ്പാലിറ്റികളില്‍ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന പദ്ധതിയും നടപ്പാക്കി.
ഈ പദ്ധതികള്‍ക്കെല്ലാം ഇതുവരെ 62,009 കോടി രൂപ ചെലവിട്ടുവെന്നും മന്ത്രാലയം.
ജൂലൈയില്‍ മാത്രം 52,473 വീടുകളില്‍ കക്കൂസ് നിര്‍മിച്ചു, 3,786 പൊതു കക്കൂസുകളും. വീടുകളില്‍ മുന്നില്‍ ഗുജറാത്ത്, 33,670. മധ്യപ്രദേശ് (7,244), പഞ്ചാബ് (5,677), കര്‍ണാടക (1,845), ഹരിയാന (1,829), ഛത്തീസ്ഗഢ് (1,676), മിസോറം (300), രാജസ്ഥാന്‍ (167), മണിപ്പൂര്‍ (41), ഉത്തരാഖണ്ഡ് (22) എന്നിവ പിന്നാലെ.
ഇവയില്‍ ഹരിയാന, മിസോറം, മണിപ്പൂര്‍ എന്നിവ ആദ്യമായി പട്ടികയില്‍ ഇടംനേടുന്നു. പൊതുകക്കൂസ് നിര്‍മാണത്തില്‍ മുന്നില്‍ മധ്യപ്രദേശ്, 1,550. രാജസ്ഥാന്‍ (640), തമിഴ്‌നാട് (600), തെലങ്കാന (530), ഒഡീഷ (420) സംസ്ഥാനങ്ങള്‍ പിന്നാലെ. പൊതുകക്കൂസുകള്‍ നവീകരിച്ചതില്‍ മുന്നില്‍ ദല്‍ഹി.
വീടുകളില്‍നിന്ന് മാലിന്യം നേരിട്ടെത്തി ശേഖരിക്കുന്നതില്‍ മുന്നില്‍ ജമ്മു കശ്മീര്‍. 989 വാര്‍ഡുകളില്‍നിന്ന് ഇത്തരത്തില്‍ മാലിന്യശേഖരണം നടത്തി കശ്മീര്‍. ആന്ധ്രപ്രദേശ് (777), രാജസ്ഥാന്‍ (215), ഹരിയാന (196), ഉത്തര്‍പ്രദേശ് (184), മധ്യപ്രദേശ് (110), മഹാരാഷ്‌ട്ര (76) എന്നിങ്ങനെ പിന്നാലെ. രാജ്യത്തെ 78,003 മുനിസിപ്പല്‍ വാര്‍ഡുകളില്‍ 31,470 എണ്ണത്തില്‍ മാത്രമേ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നുള്ളു.
















