ജയപുര: കഴിഞ്ഞ ദിവസം പാപുവയില്‍ 54 യാത്രക്കാരുമായി തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തില്‍ 6.5 ബില്യണ്‍ റൂപിയ (471,500 ഡോളര്‍) ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ട്രിങ്കാന എയറിന്റെ എടിആര്‍ 42-300 എന്ന ടര്‍ബോപ്രോപ് വിമാനമാണ് ഞായറാഴ്ച തകര്‍ന്നുവീണത്.
നാല് ഉദ്യോഗസ്ഥര്‍ നാല് ബാഗുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ജയപുര പോസ്റ്റ് ഓഫീസ് വക്താവ് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കുളള സഹായനിധിയായിരുന്നു ഇത്.
തകര്‍ന്ന വിമാനത്തില്‍ 44 മുതിര്‍ന്ന യാത്രക്കാരും അഞ്ച് കുട്ടികളും അഞ്ച് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇന്തോനേഷ്യന്‍ പൗരന്മാരാണെന്ന് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി ഒഫിഷ്യല്‍സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് തന്നെ ഒരു സൂപ്പര്‍ പുമ ഹെലികോപ്ടര്‍ തകര്‍ന്നിരുന്നു.
തകര്‍ന്ന എടിആര്‍ 42-300 വിമാനം സുരക്ഷാ കാര്യങ്ങളാല്‍ 2007ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചതാണ്. 1991 മുതല്‍ 14 അപകടങ്ങള്‍ ഈ വിമാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
















