മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗംഗാ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമാകാന്‍ താത്പ്പര്യമുണ്ടെന്ന് സൗത്ത് ഓസ്‌ട്രേലിയ.ഗംഗാ ശുചീകരണത്തിന്റെ ഭാഗമാകുന്നതിനായി ജര്‍മ്മനിയും ഇതിനുമുമ്പ് താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. സുസ്ഥാപിതമായ ചട്ടക്കൂടിലാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ജല വിഭവങ്ങള്‍ ഉപയോഗിച്ചുവരുന്നത്. ഭാരതത്തിലും ഈ സംവിധാനം നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ നിക്ഷേപ വ്യാപാര വകുപ്പ് മന്ത്രി മാര്‍ട്ടിന്‍ ഹാമില്‍ട്ടണ്‍ സ്മിത് അറിയിച്ചു.
ഗംഗയെ വൃത്തിയാക്കല്‍ മാത്രമല്ല ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് നദിയെ ഭാവിതലമുറയ്‌ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കി വികസിപ്പിച്ചെടുക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയയിലെ ജലപദ്ധതികള്‍ ഇതിനകം തന്നെ നിരവധി രാജ്യങ്ങളില്‍ പ്രയോഗിച്ച് വിജയിച്ചിട്ടുണ്ട്. അതേസമയം ഭാരതത്തിലെ ഊര്‍ജ്ജം, വിദ്യാഭ്യാസം, ഖനന മേഖല, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകളിലും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താത്പ്പര്യമുള്ളതായും സ്മിത് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ ഗംഗാ ശുചീകരണത്തിനായി ജര്‍മ്മനി മൂന്ന് ദശലക്ഷം യൂറോയുടെ ധനസഹായം ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മുഖ്യവാഗ്ദാനങ്ങളില്‍ ഒന്നാണ് ഗംഗാ ശുചീകരണ പദ്ധതി. ഇത് പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ നദികളുടേയും ശുചീകരണവും ജലഉപയോഗ സംവിധാനവും മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















