ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ചാവേര്‍ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രിയടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രി ഷൗജാ ഖന്‍സാദയാണ് ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ഷാധിഖാനില്‍ മന്ത്രിയുടെ ഓഫീസിലാണ് സ്‌ഫോടനം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തി.
ഞായറാഴ്ച രാവിലെയാണ് മന്ത്രിയുടെ വീട്ടില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂര അപ്പാടെ തകര്‍ന്ന് വീഴുകയും സമീപത്തെ വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഷാദി ഖേലിലെ വീട്ടില്‍, ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ പങ്കെടുക്കുന്നതിനിടെയാണ് ചാവേര്‍ നാശം വിതച്ചത്. സ്‌ഫോടനത്തില്‍, യോഗം നടന്നു കൊണ്ടിരുന്ന ഹാളിന്റെ മേല്‍ക്കൂര അപ്പാടെ പൊളിഞ്ഞുവീണു. നിരവധി പേര്‍ അവശിഷ്ടടങ്ങള്‍ക്ക് അടിയില്‍ പെട്ടിട്ടുണ്ട്. അഞ്ചു മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.
വിരമിച്ച കേണലായ ഖന്‍സാദയെ 2014 ഒക്ടോബറിലാണ് ആഭ്യന്തര മന്ത്രിയായി നിയമിച്ചത്. ലാഹോറില്‍ നടത്തിയ സൈനിക നടപടിയില്‍ അല്‍ക്വഇദയുടെ പാകിസ്ഥാന്‍ തലവനേയും കൂട്ടാളികളേയും വധിച്ചതായി ഖന്‍സാദ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഭീകരര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയ ഖന്‍സാദയ്‌ക്ക് പാകിസ്ഥാനിലെ അല്‍ക്വഇദയുടേയും തെഹ്‌രീക് ഇ താലിബാന്റേയും വധഭീഷണി ഉണ്ടായിരുന്നു.
















