ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്ന് കണ്ടെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയത് റദ്ദാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ബാര്‍ നര്‍ത്തകിമാര്‍ക്ക് അനുവാദം നല്‍കിയ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നയം ശരിവെച്ച ബോംബെ ഹൈക്കോടതി ഉത്തരവ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ടെന്ന് ബാര്‍ അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം വാദിച്ചു. സ്വകാര്യ മേഖലയെ മുഴുവനാണ് മദ്യവില്‍പ്പനയില്‍ നിന്നും വിലക്കുന്നത് എന്നതാണ് സര്‍ക്കാര്‍ നയമെങ്കില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ വ്യത്യാസമില്ലാതെ എല്ലാവരേയും നിരോധിക്കേണ്ടതാണെന്നും സുന്ദരം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് വിവേചനമുണ്ടെങ്കില്‍ കോടതി ഇടപെടുമെന്ന് ജസ്റ്റിസ് വിക്രജിത് സെന്‍ വാക്കാല്‍ പരാമര്‍ശിച്ചത്.
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ബാര്‍ അസോസിയേഷനുകളില്‍ ഫോര്‍ സ്റ്റാര്‍ വിഭാഗവും ത്രീസ്റ്റാര്‍, റ്റു സ്റ്റാര്‍ വിഭാഗങ്ങളും വത്യസ്ത നിലപാടുകളാണ് ഇന്നലെ സുപ്രീംകോടതിയില്‍ വാദത്തില്‍ സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ അതേ ഗണത്തില്‍ തന്നെയാണ് ഫോര്‍ സ്റ്റാറുകളും ഉള്‍പ്പെടുന്നതെന്ന് ഫോര്‍ സ്റ്റാര്‍ ഹോട്ടലായ സീപേളിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. സുപ്രീംകോടതി സുരേന്ദ്രദാസ് കേസില്‍ പുറപ്പെടുവിച്ച വിധിയും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇക്കാര്യങ്ങളാണ് വ്യക്തമാക്കുന്നതെന്നും രോഹ്തഗി വാദിച്ചു. എന്നാല്‍ ഫൈവ് സ്റ്റാറും ഫോര്‍ സ്റ്റാറും തമ്മില്‍ വ്യത്യാസമില്ലെന്ന സുരേന്ദ്രദാസ് കേസിലെ വാക്കുകള്‍ കോടതിയുടെ വിധിയല്ലെന്നും നിരീക്ഷണം മാത്രമാണെന്നും ജസ്റ്റിസ് വിക്രംജിത് സെന്‍ പറഞ്ഞു.
മദ്യനിരോധനമാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഗുജറാത്ത് സംസ്ഥാനത്തെ മാതൃകയാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കേരളത്തിന്റെ മദ്യനയം മദ്യനിരോധനമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതല്ല. സംസ്ഥാനത്തുള്ള 38 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലൂടെ വെറും 0.4 ശതമാനം മദ്യം മാത്രമാണ് വില്‍ക്കുന്നത്. കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 384 ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെയാണ് 75.39 ശതമാനം മദ്യവില്‍പ്പനയും നടക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കുറച്ചുവരികയെന്ന നയമാണ് സംസ്ഥാനത്തിനുള്ളതെങ്കില്‍ അതുവരെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സാവകാശം നല്‍കണമെന്നും രോഹ്തഗി വാദിച്ചു. മന്ത്രിസഭയിലെ പടലപ്പിണക്കങ്ങളാണ് ധൃതിയില്‍ പുതിയ മദ്യനയം നടപ്പാക്കാന്‍ കാരണമെന്ന് ബാര്‍ഹോട്ടല്‍ അസോസിയേഷനുവേണ്ടി ഹാജരായ ആര്യാമം സുന്ദരം കോടതിയില്‍ അറിയിച്ചു.
















