മുഹമ്മ: പ്രായപൂര്‍ത്തിയായില്ലെങ്കിലും കായിപ്പുറം സംസ്‌കൃതം ഹൈസ്‌കൂളിലെ കുട്ടികള്‍ പോളിങ് ബൂത്തില്‍കയറി വോട്ടവകാശം രേഖപ്പെടുത്തി. ചൂണ്ടുവിരലില്‍ മഷിപുരട്ടി സീലും ബാലറ്റ്‌പേപ്പറും വോട്ടിങ് മെഷിനും ഉപയോഗപ്പെടുത്തി രണ്ടു രീതിയിലാണ് കുട്ടികള്‍ സമ്മതിദാന അവകാശം നിറവേറ്റിയത്. പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പുറത്തുനിന്ന് കണ്ടിട്ടുള്ള കുട്ടികള്‍ക്ക് ബൂത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ കുട്ടികള്‍ക്കിനി വോട്ടവകാശം രേഖപ്പെടുത്തേണ്ടി വരുമ്പോള്‍ ധൈര്യമായി വോട്ടുചെയ്യാന്‍ കഴിയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മാതൃകയിലുള്ള ബാലറ്റ് പേപ്പറിലും ആധുനിക സംവിധാനത്തിലുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലുമാണ് തെരഞ്ഞെടുപ്പ് രീതി പരീക്ഷിച്ചത്. അധ്യാപകനായ പി.ജി സുരേഷ്‌കുമാറാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉള്‍പ്പെടുത്തി ഇലക്‌ട്രോണിക് വോട്ടിംങ് മെഷിന്‍ രൂപകല്‍പ്പന ചെയ്തത്.
പ്രിസൈഡിംങ് ഓഫീസറുടെ ചുമതല സുരേഷ്‌കുമാറും പോളിംങ് ഓഫീസറന്മാരുടേത് സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങളായ കുട്ടികളും നിര്‍വഹിച്ചു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ലിപ്പ് കൊടുത്ത് ക്യൂ നിര്‍ത്തിയാണ് പോളിംങ് ബൂത്തിലേയ്‌ക്ക് പ്രവേശിപ്പിച്ചത്. പിന്നീട് വോട്ടെണ്ണി ഓരോ സ്ഥാനാര്‍ത്ഥിക്കും എത്രവോട്ട് വീതം ലഭിച്ചുവെന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് പിരിഞ്ഞത്. ജനാധിപത്യ ഭരണ സംവിധാനത്തോടെ താല്‍പ്പര്യം ജനിപ്പിക്കാനും അതിന്റെ പ്രായോഗിക രീതികള്‍ പരിചയപ്പെടുത്താനുമാണ് തെരഞ്ഞെടുപ്പ് പരിശീലനം നടത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു.
















