മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിലുള്ള ശ്മശാനത്തില്‍ മേല്‍മുറി സ്വദേശി അമ്മിണിയുടെ മൃതദ്ദേഹവുമായി ബന്ധുക്കള്‍ കാത്തിരുന്നത് രണ്ടര മണിക്കൂര്‍. നഗരസഭയുടെ കീഴിലുള്ള വാതക ശ്മശാനമാണിത്. വാതക ശ്മശാനം പ്രവര്‍ത്തന രഹിതമായതിനാല്‍ കുഴികുത്തി മറവ് ചെയ്യാനാണ് നഗരസഭ അധികൃതര്‍ പറഞ്ഞത്. പക്ഷേ കുഴിയെടുത്ത് തുടങ്ങിയപ്പോള്‍ ഉറവ കണ്ടു തുടങ്ങി. കുഴിയിലെ വെള്ളം കോരി മാറ്റുന്തോറും പിന്നെയും നിറഞ്ഞുകൊണ്ടിരുന്നു എന്ത് ചെയ്യണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചപ്പോള്‍ അവരും കൈമലര്‍ത്തി. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് എത്തിച്ച മൃതദ്ദേഹം മറ്റ് മാര്‍ഗമൊന്നും ഇല്ലാത്തതിനാല്‍ വൈകിട്ട് നാലരയോടെ വെള്ളം നിറഞ്ഞ കുഴിയില്‍ തന്നെ മറവ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് തമിഴ്നാട് സ്വദേശി സുബ്രഹ്മണിയുടെ ഭാര്യ അമ്മിണി(85) അന്തരിച്ചത്. മേല്‍മുറി 27ല്‍ വാടകക്ക് താമസിക്കുന്ന ഇവര്‍ക്ക് അമ്മി കൊത്തലാണ് ജോലി. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തവരാണ് പൊതുശ്മശാനങ്ങളെ ആശ്രയിക്കുന്നത്. നഗരസഭയുടെ അനാസ്ഥയില്‍ ബുദ്ധിമുട്ടുന്നത് ഇതുപോലെ സാധാരണക്കാരില്‍ സാധരണക്കാരായ ജനങ്ങളാണ്. കഴിഞ്ഞ ജൂലൈ നാലിന് പ്രവര്‍ത്തന രഹിതമായതാണ് വാതക ശ്മശാനം. നഗരസഭ ശ്മശാനത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമരവുമായി രംഗത്തെത്തിയിരുന്നു. എത്രയും വേഗം ശ്മശാനം നന്നാക്കുമെന്ന് പറഞ്ഞതല്ലാതെ നഗരസഭ അധികൃതര്‍ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഐഎസ്ഒ അംഗീകാരം ലഭിച്ച നഗരസഭയുടെ അവസ്ഥയാണിത്. പേരിനും പ്രശസ്തിക്കും വേണ്ടി മാത്രം വികസനം കൊണ്ടുവരുന്ന ഭരണസമിതിയാണ് ഇപ്പോള്‍ നഗരസഭയുടേതെന്ന് നാട്ടുകാര്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നഗരസഭ പൂര്‍ണ്ണ പരാജയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: