കല്‍പ്പറ്റ : പിതൃതര്പ്പണസായൂജ്യം തേടി തിരുനെല്ലിയിലും പൊന്‍കുഴിയിലും പതിനായിരങ്ങള്‍ എത്തി. കര്‍ക്കടകവാവ് ബലിക്കായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന തിരുനെല്ലി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ പാപനാശിനിക്കരയിലും പൊ ന്‍കുഴി ശ്രീരാമക്ഷേത്രപരിസരത്തിലൂടെ ഒഴുകുന്ന നൂല്പ്പഴയുടെ കരയിലുമാണ് പിതൃതര്‍പ്പണം നടക്കുന്നത്. പിതൃതര്‍പ്പണത്തിനായി ഇന്നലെയോടെതന്നെ തിരുനെല്ലിയിലേക്കും പൊന്കുഴിയിലേക്കും പതിനായിരങ്ങള്‍ എത്തിതുടങ്ങി.
കനത്തമഴയെ അവഗണിച്ചും ഒരുലക്ഷത്തിലധികം ആളുകള്‍ തിരുനെല്ലിയില്‍ എത്തിചേരുമെന്നാണ് ദേവസ്വത്തിന്റെ കണക്കുകൂട്ടല്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ബലിതര്‍പ്പണം. മുന്‍വര്‍ഷങ്ങളെക്കാള്‍ അധികം ബലിസാധന കൗണ്ടറുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. 12 കര്മ്മികളായിരിക്കും പാപനാശിനിക്കരയില്‍ ബലിതര്‍പ്പണത്തിന് നേതൃത്വം വഹിക്കുക. തിരുനെല്ലിയിലെത്തുന്ന തീര്ത്ഥാടകര്ക്കാ യി ചുക്കുകാപ്പിയും ലഘുഭക്ഷണവും വൈദ്യസഹായവും സേവാഭാരതി ഒരുക്കിയിട്ടുണ്ട്.
വാവുബലി കണക്കിലെടുത്ത് തിരുനെല്ലി-കാട്ടിക്കുളം റൂട്ടില്‍ ഗതാഗതനിയന്ത്രണം ഏ ര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ 21 കിലോമീറ്ററിന് മുന്‍പ് കാട്ടിക്കുളത്ത് നിര്‍ത്തിയിടണം. മുപ്പത്തിയഞ്ചോളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തീര്‍ത്ഥാടകരെ തിരുനെല്ലിയിലെത്തിക്കുന്നു.തിരുനെല്ലിയിലെത്തുന്നവരുടെ താമസസൗകര്യത്തിനായി ക്ഷേത്രത്തിലെ പഞ്ചതീര്‍ത്ഥ റസ്റ്റ്ഹൗസ്, ഡിറ്റിപിസി ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരിക്കിയിരുന്നു വയനാട്- കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറിലധികം പോലീസ് സേനയും എന്‍സിസി, ആരോഗ്യം, ഫയര്‍ഫോഴ്സ്, വൈദ്യുതി വകുപ്പുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും സിസിടിവി നിരീക്ഷണത്തിലുമാണ്. ആദ്യമായാണ് കര്‍ക്കടക വാവുബലിക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത്.
പൊന്‍കുഴി ശ്രീരാമ-സീതാക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ നാലുമണി മുതല്‍ ബത്തേരിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരേസമയം അറുനൂറ് പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുളള ബലിത്തറയും ഇവിടെ ഒരുക്കിയിട്ടുള്ളത്. രാവിലെ അഞ്ച് മണിമുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. ബലിദ്രവ്യങ്ങളും അവില് നിവേദ്യം, നെയ്പ്പായസം എന്നിവ എളുപ്പത്തില്‍ ഭക്തജനങ്ങള്‍ക്ക് ലഭിക്കുവാനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വനിതാ പോലീസ് ഉള്‍പ്പെടെയുളള സേനാവിഭാഗങ്ങളുടേയും ആരോഗ്യം-വനം വകുപ്പ് ജീവനക്കാരുടേയും കൂടാതെ സന്നദ്ധപ്രവര്‍ത്തകരുടേയും സേവനങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: