പാറത്തോട്: പാറത്തോട് പഞ്ചായത്ത് 16-ാം വാര്‍ഡിലെ പൊന്‍മല അംഗന്‍വാടി അതീവ ശോചനീയാവസ്ഥയില്‍. ദ്രവിച്ച തകര ഷിറ്റ് പ്ലാസ്റ്റിക് പടുത കൊണ്ട് മൂടിയ മുറി. ഒരുതുള്ളി വെള്ളം പുറത്തുപോകില്ല. കുട്ടികള്‍ക്ക് ഇരിക്കാനും ആഹാരം പാകം ചെയ്യാനും ഒരു മുറി മാത്രമാണുള്ളത്.
ഒരു വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. മഴയത്ത് ചോര്‍ന്നൊലിക്കുന്ന അംഗന്‍വാടി പൊട്ടിയ പലകകളും, തുരുമ്പിച്ച തകരപാളികള്‍ കൊണ്ടും, കീറിയ പ്ലാസ്റ്റിക് പടുത കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഴവെള്ളം മുറിക്കുള്ളിലേക്ക് വീഴുന്നത് തടയാന്‍ ഉപയോഗശൂന്യമായ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മേല്‍ക്കൂരയില്‍ തിരുകിയിരിക്കുകയാണ്. കുട്ടികള്‍ പഠിക്കാന്‍ ഇരിക്കുന്നതും ആഹാരം പാകം ചെയ്യുന്നതുമെല്ലാം ഒരു മുറിയില്‍ തന്നെ 15 ഓളം കുട്ടികളെത്തിയിരുന്ന അംഗന്‍വാടിയില്‍ ഇപ്പോള്‍ കുട്ടികള്‍ പലരും എത്തുന്നില്ല. അംഗന്‍വാടിയുടെ ശോച്യാവസ്ഥ മൂലം രക്ഷിതാക്കള്‍ക്ക് കുട്ടികളെ വിടാന്‍ ഭയമാണ്.
അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ നാട്ടുകാരനായ മാന്തുരുത്തിയില്‍ ഇമ്മാനുവേല്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ട് ഒരു വര്‍ഷമാകുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ സ്ഥലം വിട്ട് നല്‍കിയിട്ടും ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആറുമാസത്തിനകം കെട്ടിടം നിര്‍മ്മിക്കുമെന്ന വാഗ്ദാനമാണ് സ്ഥലം വിട്ടു നല്‍കിയപ്പോള്‍ അധികൃതര്‍ ഇമ്മാനുവലിന് നല്‍കിയത്. എന്നാല്‍ നാളിതു വരെ യാതൊരു നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
















