ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുമ്പോള്‍ കനത്ത സുരക്ഷയാണ് സുരക്ഷാ ഏജന്‍സികള്‍ ഒരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സ് കവചമില്ലാതെയാണ് മോദി കഴിഞ്ഞ തവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
ഭീകരവാദികളുടെ ഭീഷണി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സ് കവചത്തിനുള്ളില്‍ നിന്നുവേണം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുവാനെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പ്രധാനമന്ത്രിയുടെ നിലപാടു വ്യക്തമാകാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് അവസാന തീരുമാനം എടുത്തിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1985 മുതല്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സ് കവചത്തിനുള്ളില്‍ നിന്നാണ് പ്രസംഗിച്ചിരുന്നത്. എന്നാല്‍ മോദിയുടെ ആവശ്യപ്രകാരം കഴിഞ്ഞ തവണ അവസാന നിമിഷം സുരക്ഷാ കവചം ഒഴിവാക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ വന്‍സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും കനത്ത സുരക്ഷ ഒരുക്കുവാനാണ് ഏജന്‍സികളുടെ തീരുമാനം.
പുറകില്‍ പൂര്‍ണ്ണമായും ബുള്ളറ്റ് പ്രൂഫ് കവചം പൊതിയും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ ഏജന്‍സികളാണ് സുരക്ഷാ കൈകാര്യം ചെയ്യുന്നത്. എസ്പിജിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. പ്രാന്തപ്രദേശങ്ങളില്‍ ദല്‍ഹി പോലീസിനാണ് സുരക്ഷ ചുമതല. പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് മൊത്തം സുരക്ഷ അവലേകനം ചെയ്യുന്നത്.
















