ന്യൂദല്‍ഹി : സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് പാക്കിസ്ഥാനുമായി മധുരം കൈമാറുന്നത് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് ബിഎസ്എഫ്. അതിര്‍ത്തിയിലെ ഭീകര പ്രവര്‍ത്തനങ്ങളും, വെടിവെപ്പും വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് മിഠായിയും സമ്മാനങ്ങളുണ്ം കൈമാറുന്ന ചടങ്ങ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് പാക്കിസ്ഥാന് ഐബിയ്ക്കും
ഭാരത അതിര്‍ത്തിയിലെ സൈനികര്‍ക്കും സന്ദേശങ്ങള്‍ ബിഎസ്എഫ് കൈമാറിയിട്ടുണ്ട്. 1947
മുതല്‍ സ്വാതന്ത്ര്യദിനം, ഈദ്, ദീപാവലി തുടങ്ങിയ ആഘോഷ ദിനങ്ങളില്‍ ഭാരതവും പാക്കിസ്ഥാനും തമ്മില്‍ മധുര പലഹാരങ്ങളും സമ്മാനങ്ങളും കൈമാറാറുണ്ട്. ജമ്മുകശ്മീര്‍, അമൃത്സറിലെ അട്ടാരി – വാഗ അതിര്‍ത്തി, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളിലായി ഔപചാരികമായ ചടങ്ങുകളോടെയാണ് മധുര പലഹാരങ്ങള്‍ കൈമാറിയിരുന്നത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് സൈന്യത്തിന്റെ കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്വാതന്ത്ര്യദിനത്തില്‍ മധുര പലഹാരങ്ങള്‍ കൈമാറുന്ന ചടങ്ങ് വേണ്ടെന്ന് വെയ്ക്കുന്നതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞമാസം മാത്രം 19 തവണയാണ് പാക്കിസ്ഥാന് നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നാലു പേര്കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
















