ന്യൂദല്‍ഹി: 1991 മുതല്‍ ഭാരതത്തില്‍ വധശിക്ഷയ്‌ക്കു വിധേയരാക്കപ്പെട്ട 26 പേരില്‍ നാലു മുസ്ലിങ്ങള്‍ മാത്രമേയുള്ളുവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
യാക്കൂബ് മേമനെ തൂക്കിലേറ്റിയ സമയത്ത്, ന്യൂനപക്ഷ സമുദായംഗങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഉന്നംവെയ്‌ക്കുന്നെന്ന് ചില ദേശീയ ചാനലുകള്‍ കുപ്രചാരണം നടത്തിയ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യമുള്‍പ്പെടുത്തി ആഭ്യന്തര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്ത് വേര്‍തിരിവു സൃഷ്ടിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടിങ്ങിന്റെയും ചര്‍ച്ചകളുടെയും പേരില്‍ ആജ് തക്, എബിപി ന്യൂസ്, എന്‍ഡിടിവി ഇന്ത്യ, എന്‍ഡിടിവി 24ഃ7 എന്നീ ചാനലുകളോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു.
യാക്കൂബിന്റെ വധശിക്ഷാ വാര്‍ത്ത ചില ദേശീയ ചാനലുകള്‍ കൈകാര്യം ചെയ്ത രീതിയെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം റിപ്പോര്‍ട്ടില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. ചാനലുകള്‍ നിരത്തിയ വാദങ്ങളോട് പൂര്‍ണമായും റിപ്പോര്‍ട്ട് വിയോജിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനശൈലി രാജ്യസുരക്ഷയ്‌ക്ക് കടുത്ത വെല്ലുവിളിയാണെന്നും സാമുദായിക സൗഹാ ര്‍ദ്ദം തകര്‍ക്കുന്നതാണെന്നും മന്ത്രാലയം വിലയിരുത്തുന്നു.
രാഷ്‌ട്രപതിയേയും നിയമവ്യവസ്ഥയേയും അവഹേളിക്കും വിധത്തിലായിരുന്നു ചാനലുകളുടെ ചെയ്തികള്‍. യാക്കൂബ് മേമനോട് സുപ്രീം കോടതി നീതി കാട്ടിയില്ലെന്ന് ചാനല്‍ ചര്‍ച്ചകള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അതിനാല്‍ത്തന്നെ കുറഞ്ഞത് ചാനലുകളോട് ഒരു വിശദീകരണമെങ്കിലും ചോദിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു.
















