വൈക്കം: നഗരമദ്ധ്യത്തിലെ പുരാതനമായ കാലാക്കല്‍ ക്ഷേത്രമുറ്റത്ത് തഴച്ചുവളര്‍ന്ന നെല്‍ച്ചെടികള്‍ കൊയ്തുതുടങ്ങി. ആദ്യം കൊയ്ത കറ്റ വൈക്കത്തപ്പന് സമര്‍പ്പിച്ചതിനുശേഷം കാലാക്കല്‍ നടയിലും വെച്ചു. നിറയും പുത്തരിക്കും ആവശ്യമുള്ള മറ്റ് ക്ഷേത്രങ്ങളിലേക്ക് കറ്റകള്‍ ദേവസ്വത്തിന്റെ അനുമതിയോടുകൂടി വിതരണം ചെയ്തു. നെല്‍വയലുകളില്ലാത്ത നഗരസഭയില്‍ ക്ഷേത്രോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. എന്‍.കെ ശശിധരനാണ് ഹ്രസ്വ ഇനത്തില്‍പ്പെട്ട വിത്ത് ഏര്‍പ്പാട് ചെയ്തത്. തൊണ്ണൂറ് ദിവസം കൊണ്ട് മൂപ്പെത്തുന്നതാണ് ഈ നെല്ലിനം. 40 സെന്റ് വരുന്ന ക്ഷേത്രമുറ്റത്ത് ഉള്‍നാടന്‍ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കക്കുംവിധമാണ് നെല്‍ച്ചെടികള്‍ വളര്‍ന്നുനിന്നത്. സാധാരണ കൃഷിക്കുള്ള പരിചരണമുറകളെല്ലാം ഇവിടെയും അനുവര്‍ത്തിച്ചിട്ടുണ്ടെന്ന് കൃഷിക്ക് നേതൃത്വം നല്‍കിയ ഉത്സവകമ്മിറ്റിയുടെ പ്രസിഡന്റ് ചന്ദ്രന്‍ മൂശാറയില്‍ പറഞ്ഞു. വൈക്കത്തപ്പന്റെ കാവല്‍ക്കാരനായി കരുതപ്പെടുന്ന നന്ദികേശ്വര സങ്കല്‍പമാണ് കാലാക്കല്‍ വല്യച്ഛന്‍. പ്രസിദ്ധമായ തടി വഴിപാട് സവിശേഷതയായുള്ള കാലാക്കല്‍ ക്ഷേത്രത്തിനും കാവിനും വൈക്കത്തമ്പലത്തോളം പഴക്കവും പ്രാധാന്യവുമുണ്ട്.
















