ഹൈദരാബാദ്: ദേശീയ ജൂനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ രണ്ടാം ദിനം കേരളത്തിന് ഭേദപ്പെട്ട പ്രകടനം. അണ്ടര്‍ 20 ആണ്‍-പെണ്‍ 4-100 മീറ്റര്‍ റിലേയിലും, പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജെയ്‌സണും സുവര്‍ണനേട്ടവുമായി കേരളത്തിന്റെ മാനം കാത്തു. പോള്‍വാള്‍ട്ടില്‍ മൂന്നു മെഡലും കേരളത്തിന്.
ആണ്‍കുട്ടികളില്‍ എ.എം. അബ്ദുസമദ്, അമല്‍ തോമസ്, എഡ്‌വിന്‍ എ. സാബു, ജോസഫ് ജോ എന്നിവരടങ്ങിയ ടീം 42.16 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്കു കുതിച്ചു. ഈയിനത്തില്‍ ഹരിയാന വെള്ളിയും കര്‍ണാടക വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ എ.എസ്. അഞ്ജു, സൗമ്യ വര്‍ഗീസ്, രമ്യ രാജന്‍, എ.പി. ഷില്‍ബി എന്നിവര്‍ 48 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം സ്വന്തമാക്കി. കര്‍ണാടകയ്‌ക്ക് വെള്ളി, തമിഴ്‌നാടിന് വെങ്കലം. മൂന്നര മീറ്റര്‍ ചാടിയാണ് മരിയ സ്വര്‍ണവുമായി മടങ്ങിയത്. ഷാനി ഷാജി (3.10), സി. അനശ്വര (മൂന്ന്) എന്നിവര്‍ക്ക് വെള്ളിയും വെങ്കലവും.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി സെബാസ്റ്റ്യന് വെള്ളി (14.96 സെക്കന്‍ഡ്). 400 മീറ്ററില്‍ 55.82 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഷഹര്‍ബാന സിദിഖ് വെള്ളി നേടിയത്. ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ മുഹമ്മദ് അനീസിനും വെള്ളി (7.43 മീറ്റര്‍).
പെണ്‍കുട്ടികളുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ മരിയ മാര്‍ഗരറ്റിലൂടെ കേരളത്തിന് വെങ്കലം (54:11.87). ആണ്‍കുട്ടികളുടെ ഡെക്കാത്ത്‌ലണില്‍ കെ.പി. സല്‍മാന്‍ ഹാരിസിനും വെങ്കലം. എസ്. ഗോകുലിന് നാലാം സ്ഥാനം. മീറ്റില്‍ ഹരിയാന മുന്നില്‍. കേരളം രണ്ടാമത്. മീറ്റ് ഇന്നു സമാപിക്കും.
















