ഓര്‍മ്മകള്‍ മാഞ്ഞീടാത്ത
കൊടുതാം ദുരന്തമേ!
ഇമ്മന്നില്‍ യുദ്ധക്കൊതിയ്-
ക്കന്ത്യമാം വാക്കല്ലോ നീ!
നിര്‍മ്മമരായിത്താനേ
ഞങ്ങളുള്‍ത്താപത്താലേ
നിത്യമീ ദിനത്തിങ്കല്‍
പ്രാര്‍ത്ഥന ചെയ്തീടുന്നു
ആഗസ്റ്റാറുമൊന്‍പതും
നാളില്‍നാം ദര്‍ശിക്കുന്നു
ആ ഹിരോഷിമാ നാഗ-
സാക്കിയെത്തന്നെ വീണ്ടും
ആണവവിപത്തിനെ-
യാദരിച്ചീടാനല്ല,
ആ യുദ്ധക്കൊതിക്കുതാന്‍
അറുതിവരുത്തീടാന്‍.
ഇവ്വിധമൊന്നായ് നിന്ന
നമ്മളെങ്ങനെ മത-
ഭ്രാന്തിനാല്‍ സോദരങ്ങള്‍
പോരാടുന്നതു കാണ്മൂ?
ബോംബിനെക്കാളും ഘോര-
വിപത്തുവരുത്തുന്ന
ബോധക്കേടിനുനേരെ
കണ്ണുകളടയ്‌ക്കുന്നൂ?
ഉണരാം നമ്മളൊന്നാ-
യണിചേര്‍ന്നീടാം നിത്യം
വണങ്ങാം മനുഷ്യത്വ
നിര്‍മ്മല വികാരത്തെ
ഈ നീലമനോഹര
ഭൂമിയെ പുതുജീവ-
ചൈതന്യസാരത്തെയും
വിസ്മരിച്ചീടാമോ നാം?
















