ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്‌പ്പ് കേസില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പേരുകള്‍ ആര്‍എം ലോധ സമിതിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഇക്കാര്യം ലോധ സമിതി നേരിട്ട് കോടതിയോട് ആവശ്യപ്പെട്ടാല്‍ മാത്രമേ പരിഗണിക്കാനാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.
വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന് മുകുള്‍ മുദ്ഗല്‍ സമിതി കണ്ടെത്തിയ കളിക്കാരുടെ പേരുകള്‍ ലോധ സമിതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്ക് ഈയാവശ്യം ഉന്നയിച്ച് ലോധ സമിതിയെ സമീപിക്കാമെന്നും ഐപിഎല്‍ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോധ സമിതിക്ക് ഡിസംബര്‍ 31വരെ സമയം നല്‍കുകയാണെന്നും കോടതി പറഞ്ഞു. മുദ്ഗല്‍ സമിതി മുദ്രവെച്ച കവറില്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 13 താരങ്ങളുടെ പേരുകളാണുള്ളതെന്നാണ് വിവരം. റിപ്പോര്‍ട്ട് സുപ്രീംകോടതി രജിസ്ട്രാറുടെ കസ്റ്റഡിയിലാണുള്ളത്.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവര്‍ക്ക് ക്രിക്കറ്റ് രംഗത്ത് നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞമാസം ലോധ സമിതി തീരുമാനം പ്രഖ്യാപിച്ചിരുന്നു. ചെന്നൈ,രാജസ്ഥാന്‍ ടീമുകള്‍ക്ക് രണ്ടുവര്‍ഷത്തെ വിലക്കും നിലവിലുണ്ട്.
















