നോട്ടിങ്ഹാം: ഒന്നാം ഇന്നിങ്സിനോളം മോശമായില്ല ഓസ്ട്രേലിയ. കുറച്ചുകൂടി മെച്ചപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. പക്ഷേ, ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ കങ്കാരുക്കള്‍ തോല്‍വിയുടെ വക്കത്തു തന്നെയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡായ 331നെ മറികടക്കാന്‍ ഇറങ്ങിയ ഓസീസ് രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 5ന് 177 എന്ന നിലയില്‍. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്കിപ്പോഴും 154 റണ്‍സു കൂടി വേണം. ആദം വോജെസും (22) പീറ്റര്‍ നെവിലും (0) ക്രീസിലുണ്ട്.
ഒന്നാം ദിനം സ്റ്റ്യുവര്‍ട്ട് ബ്രോഡാണ് ഓസ്ട്രേലിയയെ തകര്‍ത്തതെങ്കില്‍ രണ്ടാമൂഴത്തില്‍ ബെന്‍ സ്റ്റോക്സ് കങ്കാരുക്കശാപ്പിന്റെ ദൗത്യം ഏറ്റെടുത്തു. ക്രിസ് റോജേഴ്സും (52) ഡേവിഡ് വാര്‍ണറും (64) സന്ദര്‍ശകര്‍ക്ക് ആശാവഹമായ തുടക്കം നല്കി. എന്നാല്‍ പത്തു ഫോറുകള്‍ പറത്തിയ റോജേഴ്സിനെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് സ്റ്റോക്സ് എതിരാളിക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചു.
ഒമ്പതു ഫോറുകളും രണ്ടു സിക്സും അക്കൗണ്ടില്‍ ചേര്‍ത്ത വാര്‍ണറും പിന്നാലെ മടങ്ങി, സ്റ്റോക്സിന്റെ പന്തില്‍. ഷോണ്‍ മാര്‍ഷും (2) സ്റ്റോക്സിനു കീഴടങ്ങി.
സ്റ്റീവന്‍ സ്മിത്തിനും (5) അധികം പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. ബ്രോഡിനായിരുന്നു സ്മിത്തിന്റെ വിക്കറ്റ്. നായകന് മൈക്കല്‍ ക്ലാര്‍ക്കിന് (13) മാര്‍ക്ക് വുഡിന്റെ ഇരയാകാനായിരുന്നു വിധി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഇന്നിങ്സിന് 391ല്‍ തിരശീലവീണു. ജോ റൂട്ടിന്റെ (130, 19 ഫോര്‍, ഒരു സിക്സ്) സെഞ്ച്വറി ഇംഗ്ലീഷ് ബാറ്റിങ്ങിലെ സവിശേഷത. ജോണി ബെയര്‍സ്റ്റോ 74ഉം ക്യാപ്ടന് അലിസ്റ്റര്‍ കുക്ക് 43ഉം റണ്‍സ് വീതം നേടി. മൊയീന്‍ അലിയും (38) തരക്കേടില്ലാത്ത സംഭാവന നല്കി. ആറു വിക്കറ്റ് പിഴുത മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് ബൗളര്‍മാരില്‍ വേറിട്ടുനിന്നു.
















