കൊളംബൊ: ആഷസില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയെ കുരുതി ചെയ്ത സ്റ്റിയുവര്‍ട്ട് ബ്രോഡിന്റെ മാരക സ്‌പെല്ലിന്റെ ചൂടാറും മുന്‍പ് അതിനെ അനുസ്മരിപ്പിക്കുന്ന മറ്റൊരെണ്ണം, ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയുടെ വക. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ 23 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ ഇഷാന്ത് കൊയ്തു.
രാവിലത്തെ സെഷനിലായിരുന്നു ഇഷാന്തിന്റെ ഉശിരന്‍ പന്തേറ്. ധനഞ്ജയ ഡി സില്‍വ (0), കുശാല്‍ സില്‍വ (0), ലാഹിരു തിരിമ്മന്നെ (5), ഉപുല്‍ തരംഗ (0), കുശാല്‍ പെരേര (0) എന്നിവരെ കൂടാരത്തിലെത്തിക്കാന്‍ ഇഷാന്ത് വിട്ടുകൊടുത്തത് നാലു റണ്‍സ് മാത്രം.
ഇഷാന്തിന്റെ താണ്ഡവം കഴിയുമ്പോള്‍ 10/5 എന്ന പരമ ദയനീയ നിലയിലായിരുന്നു ലങ്കന്‍ സംഘം. ഒടുവില്‍ മിലിന്‍ സിരിവര്‍ധനെയും (32) നിരോഷന്‍ ഡിക്ക്‌വെല്ലയും (41), ധനുഷ്‌ക ഗുണതിലകയു (28)മൊക്കെ ചെറുത്തു നിന്നപ്പോള്‍ ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 121 എത്തിനിന്നു. വരുണ്‍ ആരോണും ആര്‍. അശ്വിനും (രണ്ടു വിക്കറ്റ് വീതം) ഇഷാന്തിന് മികച്ച പിന്തുണ നല്‍കി.
രണ്ടാമത് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റ് ബലികഴിച്ച് 112 റണ്‍സ് എടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മ (8), ക്യാപ്ടന്‍ വിരാട് കോഹ്‌ലി (18), വൃദ്ധിമാന്‍ സാഹ (1) എന്നിവര്‍ പരാജയപ്പെട്ടു. ചേതേശ്വര്‍ പൂജാരയും (31) ലോകേഷ് രാഹുലും (47) ക്രീസില്‍. വിശ്വ ഫെര്‍ണാണ്ടോയ്‌ക്ക് രണ്ടു വിക്കറ്റ്. ഒരു ദിവസവും ഏഴു വിക്കറ്റും അവശേഷിക്കെ ഇന്ത്യയ്‌ക്ക് 342 റണ്‍സിന്റെ ലീഡുണ്ട്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 351ന് പുറത്തായിരുന്നു. പേസര്‍ കസുന്‍ രജിത (5 വിക്കറ്റ്) ഇന്ത്യയെ കൂച്ചുവിലങ്ങിട്ടവരില്‍ പ്രധാനി.
















