വഴിമദ്ധ്യേ വലിയ ഒരുസത്വത്തെകാണുന്നുവല്ലോ. മുനി ഭക്ഷകനായ ഏതോരാക്ഷസനായിരിക്കണം. ലക്ഷമണാ! ആ വില്ലു തരൂ; ഞാന്‍ അവനെ ഉടന്‍ വധിക്കുന്നുണ്ട്! ” കോപത്തോടെ രാമന്‍ ഇങ്ങനെ പറയുന്നത് കേട്ട് ആസത്വം എഴുന്നേറ്റ് രാമനെ തൊഴുതുകൊണ്ട്് പറഞ്ഞു: ”അയ്യോ! അരുതേ! അങ്ങയുടെ പിതാവിന്റെ സ്‌നേഹിതനായ ജടായു എന്ന പക്ഷിയാണ് ഞാന്‍. അങ്ങക്ക് എന്തു സഹായവും ചെയ്യാന്‍ ഒരുക്കമാണ് എന്നെ വധിക്കരുതേ!”
അതുകേള്‍ക്കേ രാമനു പശ്ചാത്താപം തോന്നി. പാവം പക്ഷി! അച്ഛന്റെ നല്ല സുഹൃത്താണ്. മാത്രമല്ല തന്നോടും നല്ല സ്‌നേഹം. അങ്ങനെയുള്ളഒരാളെ വെറുതെ സംശയിച്ചില്ലേ? വധിക്കാന്‍ പോലും തുനിഞ്ഞില്ലേ? കഷ്ടമായിപ്പോയി. സാരമില്ല ഇനിഞങ്ങള്‍ താമസിക്കുവാന്‍ പോകുന്നിടത്തു ഞങ്ങളുടെ രക്ഷകനായി ഇരുന്നോളൂ.
എഴുത്തച്ഛന്‍ അദ്ധ്യത്മാരാമായണത്തില്‍ ഇങ്ങനെ പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു ശ്രീരാമചന്ദ്രനും സംശയാത്മാവായി എന്നകാര്യമാണ്! ചിലപ്രത്യേക സാഹചര്യങ്ങളില്‍ ഏതു ബലവാന്റേയും മനസ്സ് ദുര്‍ബലമായിപ്പോവും. ഭയമാണ് പലപ്പോഴും സംശയത്തെ ജനിപ്പിക്കുന്നത്. കാട്ടില്‍ ഭീകരന്മാരായ രാക്ഷസരുടെ ശല്യമുള്ളതായി അഗസ്ത്യ മഹര്‍ഷി പറഞ്ഞിരുന്നല്ലോ. ആവാക്കുകള്‍ മനസ്സില്‍ തറഞ്ഞു കിടപ്പുണ്ട്. അതിന്നാലാണ്് പക്ഷിയെ കണ്ടപ്പോഴേ രാക്ഷസനാണെന്നു സംശയിക്കാന്‍ ഇടയായാതും
അതുപോട്ടേ എന്നുവയ്‌ക്കാം പക്ഷെ കുറച്ചു കാലത്തിനുശേഷം വീണ്ടും അതേപക്ഷിയെ രാക്ഷസനാണെന്നുശ്രീരാമന്‍ സംശയിക്കുന്ന ഒരു സന്ദര്‍ഭം ശ്രദ്ധിച്ചുവോ? രാമന്‍ പറയുകയാണ് ”ആവില്ലും ശരങ്ങളും ഇങ്ങുതരൂ ലക്ഷ്മണാ! ഇവനെ ഞാനിപ്പോള്‍ തന്നെ കൊല്ലുന്നുണ്ട്.” എന്ന്!(എഴുത്തച്ഛന്‍ അങ്ങനെ രണ്ടിടത്തുംരാമനെക്കൊണ്ട് വില്ലുചോദിപ്പിക്കുന്നത് എന്തിനാണാവോ! രണ്ടുപേരും ശരീരത്തിന്റെ ഭാഗമെന്നോണം എപ്പോഴും വില്ലുമായി നടക്കുന്നവരല്ലേ?)
അവശതയോടെ ആസത്യം പറഞ്ഞു; ”ഞാന്‍ കൊല്ലപ്പെടേണ്ടവനല്ല. അങ്ങയുടെ ദാസനും പിതാവിന്റെ പ്രിയസുഹൃത്തുമായ ജടായുവാണ്്. അങ്ങയുടെ ഭാര്യയെ അപഹരിച്ചുപോവുന്ന രാവണനെ എതിര്‍ത്ത് യുദ്ധം ചെയ്യവെ ആദുഷ്ടനാല്‍ ചിറകുകള്‍ അരിയപ്പെട്ടു പാതിജീവനായ് കിടക്കുകയാണിവിടെ. അങ്ങയോടീ വിവരം ധരിപ്പിച്ചേ ജീവന്‍ പോകൂ എന്ന് സീതാദേവി അനുഗ്രഹിച്ചിട്ടുമുണ്ട്. ”
ഛി! ഞാന്‍ വീണ്ടും സംശയിച്ചുവല്ലോ, നല്ലവനും എനിക്കുവേണ്ടി പ്രാണന്‍ വെടിയാന്‍ മടിക്കാത്തവനുമായ ജടായുവിനെ എന്ന ചിന്തയായി ശ്രീരാമന്! ഉടനെ പക്ഷിയുടെ തലയെടുത്ത് മടിയില്‍ വച്ച് കണ്ണീരൊഴുക്കുകയായി. മരിച്ച പക്ഷിയുടെ ശരീരം പിന്നീട് ലക്ഷ്മണനൊപ്പം ആദരവോടെ സംസ്‌കരിക്കുകയും ചെയ്തു.
മഹാത്മാവായ ശ്രീരാമചന്ദ്രന്‍ ജടായുവിനെ രണ്ടുതവണ സംശയിച്ചതു കണ്ടില്ലേ? കൊല്ലാന്‍പോലും, തുനിഞ്ഞു! ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയുടെയോ വസ്തുവിന്റെയോ നേരെ ഇത്തരത്തില്‍ സംശയവും വെറുപ്പും ഉണ്ടാവുന്നതാണ്. സന്ദര്‍ഭവും മാനസികാവസ്ഥയുമാണ് പ്രധാനകാരണം.
ഇവിടെ, രാമന്റെ കാഴ്്ചയെ മന്ദീഭവിപ്പിച്ച രണ്ടുമനോവികാരങ്ങള്‍ ഭയവും സങ്കടവുമത്രേ. സീതയെ കാണാതായതിലുള്ള തീവ്ര ദുഃഖത്തോടെ അലയുകയല്ലേ? പലകാഴ്ചകളും രാമനെ സംശയത്തിലാഴ്‌ത്തിയിരിക്കും. ചിലതു പ്രതീക്ഷ നല്‍കുന്നതാവാം. ഓടിച്ചെല്ലുമ്പോള്‍ നിരാശപ്പെട്ടെന്നുംവരാം. അതു മനുഷ്യസഹജമാണെണ്. ഭയവും സങ്കടവും മാത്രമല്ല, സ്വാര്‍ത്ഥം, അസൂയ,കോപം, വെറുപ്പ്. തുടങ്ങിയ പല വികാരങ്ങളും നമ്മുടെ കാഴ്‌ച്ചക്ക് മങ്ങലേല്‍പ്പിക്കും. മനസ്സിനെ ചപലവും, ബുദ്ധിയെ വികലവും, പ്രവൃത്തിയെ അപകടകരവുമാക്കും. എന്നു നാം ഓര്‍ക്കേണ്ടതുണ്ട്.വാല്മീകി രാമായണത്തില്‍ ജടായു തയുടെ നിലവിളികേട്ടപ്പോള്‍ താമസിയാതെ പറെന്നത്തി രാവണനെ എതിര്‍ക്കാന്‍ കഴിഞ്ഞത്.
രണ്ടാം ഘട്ടത്തില്‍, സീതയെ ഭക്ഷിച്ചുകിടക്കുന്ന രാക്ഷസനാണെന്നു സംശയിച്ച് കൊല്ലാന്‍ ചെന്ന രാമന് വിവരം നല്‍കി ജടായു പറയുന്നത്: ”രാവണന്‍ എന്റെ ചിറകരിഞ്ഞു കൊന്നുകഴിഞ്ഞുവല്ലോ; ഇനി അങ്ങ് വീണ്ടും എന്നെ കൊല്ലേണ്ട”എന്നാണ്! അതു കേട്ടു പശ്ചാത്താപ പരവശനായ രാമന്‍ പക്ഷിയെ കെട്ടിപ്പുണര്‍ന്ന് തളര്‍ന്നുവീഴുന്നുണ്ട്.
രാജ്യം നഷ്ടപ്പെട്ടു, വനവാസം വേണ്ടിവന്നു; സീത നഷ്ടപ്പെട്ടു, പ്രിയം ചെയ്ത പക്ഷിയുംമരിച്ചു. ഹാ! എത്ര നിര്‍ഭാഗ്യവാനാണ് ഞാന്‍ എന്നൊക്ക പറഞ്ഞുള്ളതായിരുന്നു രാമന്റെ വിലാപം. വികാര തീവ്രമായ ആ രംഗത്തിനൊടുവില്‍ ഉത്തമനായ ഒരു മനുഷ്യനുവേണ്ടി ചെയ്യുന്നതുപോലെയാണ് ജടായുവിന്റെ സംസാകാരക്രിയകളെല്ലാം രാമലക്ഷ്മണന്മാര്‍ പൂര്‍ത്തിയാക്കുന്നത്.
ഇതിനിടയില്‍ ‘വിന്ദം’എന്നമുഹൂര്‍ത്തത്തിലാണ്‌സീതഅപഹരിക്കപ്പെട്ടതെന്നകാര്യം കൂടി ജടായു പറയുന്നുണ്ട്. നഷ്ടപ്പെട്ട ധനം ഉടമസ്ഥനു തിരിച്ചു കിട്ടും എന്നതത്രെ ഈമുഹൂര്‍ത്തത്തിന്റെ പ്രത്യേകത. ചൂണ്ട വിഴുങ്ങിയ മത്സ്യത്തെപ്പോലെ അതിക്രമി കൊല്ലപ്പെടുകയും ചെയ്യും. അതിനാല്‍ അങ്ങുവൈകാതെ രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെുക്കും എന്ന പ്രതീക്ഷാനിര്‍ഭരമായ പ്രവചവും നടത്തിയിട്ടാണ് ജടായു ജീവന്‍ വെടിയുന്നത് എന്നതത്രേ ഏറെ ശ്രദ്ധേയം.
ഇതൊന്നും അദ്ധ്യാത്മരാമായണത്തില്‍ കാണുന്നതല്ല. അതുപോലെ, മനോഹരമായ ജടായുസ്തുതി വാല്മീകിരാമായണത്തിലും കാണുകയില്ല!
(തുടരും)
9388414034
















