കൊളംബോ: ആഷസില്‍ കങ്കാരുക്കളെ ചാരമാക്കി എട്ട് വിക്കറ്റ് സ്വന്തമാക്കി താരമായത് ബ്രോഡായിരുന്നു. എന്നാല്‍ അതേ പാത പിന്തുടര്‍ന്ന് ഇന്ന് ഇന്ത്യന്‍ ബോളര്‍ ഇഷാന്ത് ശര്‍മ്മയും തന്റെ കരുത്ത് കാട്ടി. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ പരിശീലന മത്സരത്തിലാണു ഇഷാന്തിന്റെ ബൗളിംഗ് പ്രകടനം. ആദ്യ ഓവറില്‍ മുതല്‍ വിക്കറ്റ് വേട്ട തുടങ്ങിയ ഇഷാന്ത് നാല് ഓവര്‍ എറിഞ്ഞ് അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുകയായിരുന്നു.
ആദ്യ ഓവറില്‍ രണ്ടുവിക്കറ്റുകളാണു ദല്‍ഹിക്കാരന്‍ വീഴ്‌ത്തിയത്. ഓപ്പണര്‍മാരായ കുശാല്‍ സില്‍വയും ധനഞ്ജയ ഡിസില്‍വയും പുറത്തായതു പൂജ്യത്തിന്. മൂന്നാം വിക്കറ്റായി ഉപുല്‍ തരംഗയും പൂജ്യത്തിനു പുറത്താകുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നു റണ്‍സ് മാത്രം. 10 റണ്‍സെത്തുമ്പോള്‍ പകുതിപ്പേര്‍ പവലിയനില്‍ തിരിച്ചെത്തി. ലങ്കന്‍ ടീം ലഞ്ചിനു പിരിയുമ്പോള്‍ അഞ്ചിനു 35 എന്ന നിലയിലാണ്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 351ന് അവസാനിച്ചിരുന്നു. 109 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണു ടോപ് സ്‌കോറര്‍.
















